ഓര്‍മ്മകള്‍ മരിക്കുമ്പോള്‍
എന്റെയന്തരംഗങ്ങളില്‍ കത്തുന്നു ദുഃഖങ്ങള്‍,
കണ്ണുനീര്‍ ചാലുകള്‍ വറ്റുന്നു നിശ്ചലം,
മാനസം ദൂരേക്കു മറയുന്നു നിര്‍ഭയം,
സ്വപ്നങ്ങള്‍ കാറ്റിന്റെ താളത്തിലലിയുന്നു,
മോഹങ്ങളാഴിയില്‍ മുങ്ങിത്തുടിക്കുന്നു,
സങ്കല്‍പ്പസൌന്ദര്യം തേങ്ങിക്കരയുന്നു,
സന്ദാപമിന്നിതാ പൊട്ടിച്ചിരിക്കുന്നു,
സ്തംഭനം ജീവിതപ്പാതയെ അനുദിനം
തഴുകിത്തലോടുന്നു സിരകളിലെന്നപോല്‍,
സ്പന്ദനം തേടുന്നു രക്തപ്രവാഹത്തിന്‍
വറ്റാത്ത വാടാത്ത ചെമ്പനീര്‍പ്പൂവുകള്‍,
അറിവിന്റെ ജാലകച്ചില്ലകള്‍ രാവിന്റെ
ഗൂഢമാം വര്‍ണ്ണത്തിലാടിത്തിമിര്‍ക്കുന്നു,
ദേഹികള്‍ ദേഹത്തെ തേടുന്നു ഗദ്ഗദം
പാടുന്നു ശോകമാം ഗാനങ്ങളായിരം,
ആര്‍ത്തനാദങ്ങളില്‍ കേള്‍ക്കുന്നു ദാരിദ്ര്യ-
ച്ചങ്ങലത്താളങ്ങള്‍ പാടുന്ന രാഗങ്ങള്‍,
ഓര്‍ക്കുന്നു രാവിന്റെ - പകലിന്റെ അത്ഭുത
നൃത്തങ്ങള്‍ നൃത്ത്യങ്ങള്‍ കാലത്തിനൊപ്പത്തില്‍......
Not connected : |