വിവാഹ വാർഷികം.
സന്തോഷം അലതല്ലും വിസ്തൃതമാം കടലിനെ നോക്കി
വർഷങ്ങൾക്കു മുമ്പ് അടിയെടുത്തു വെച്ചു.
ജീവിതമെന്ന നീലകടൽ.
തിരകളടങ്ങാൻ കാത്തു നിൽക്കാതെ,
നീട്ടിതന്ന ആ കൈപിടിച്ച് ,
നിസ്സംശയം യാത്ര തുടങ്ങി.
ആ കരസ്പർശം സുരക്ഷിതത്ത്വത്തിൻ
പുതുനാമ്പായി എന്നിൽ കത്തി പടർന്നു.
അതിന്റെ വെളിച്ചത്തിൽ തപ്പി തടഞ്ഞും,
വീണെഴുന്നേറ്റും, ചിരിച്ചും, കളിച്ചും, പൊട്ടി കരഞ്ഞും
തളർന്നും ഏറെ ശക്തിയാർജ്ജിച്ചും
സ്നേഹിച്ചും വെറുത്തും
ഇരുട്ടിനേയും നിശ്ശബ്ദതയേയും
പ്രണയിച്ചും ആ യാത്ര തുടർന്നു.
താങ്ങായിരുന്ന ആ കയ്യിനെ മുറുകെ പിടിച്ച്
അങ്ങകലെ തെളിഞ്ഞു കാണും
നന്മയുടെ അഗ്നികുണ്ഡത്തിനെ ലക്ഷ്യമാക്കിയുള്ള യാത്ര.
ആ യാത്ര ഇന്നിതാ നീണ്ട നിറയെ
വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
അന്നു യാത്ര പുറപ്പെട്ട ആ നീലകടലിന്റെ തീരത്തേക്ക്
അറിയാതെ എന്റെ മനസ്സ് ധ്രുതിയിൽ പാഞ്ഞു.
അവൾ ഇന്നും അന്നു ഞാൻ കണ്ട അതേ സുന്ദരി.
കാലം അവളുടെ യൗവ്വനത്തെ സ്പർശിച്ചിട്ടില്ല.
അതേ പ്രൗഡഗംഭീര്യത്തോടെ അവൾ -ആടിതിമിർക്കുകയാണ്.
ഒടുവിൽ ഞാനവളോടു ചോദിച്ചു
"നീലസുന്ദരി നിനക്കു ഞങ്ങളെ ഓർമ്മയുണ്ടോ?"
വർഷങ്ങൾക്കു മുൻപ് നിന്റെ ഹൃദയവിശാലതയിലും,
നീലസൗന്ദര്യത്തിലും ഭ്രമിച്ച് കൈകോർത്ത്
നിന്നിലേക്കിറങ്ങിയ പുതു ദമ്പതികളെ .
തിരിച്ചറിയാൻ പറ്റാത്തവിധം കാലം ഞങ്ങളിൽ
മാറ്റങ്ങൾ വരുത്തിയിരിയ്ക്കാം
ഒടുവിൽ മൗനത്തിനു വിരാമമായ് തിരകൾക്കിടയിൽ നിന്നും
ഒരു ചെറുമർമ്മരം ഉയർന്നു.
ഞാൻ കാതോർത്തു ----
അത് " ആശംസകൾ" എന്നായിരുന്നില്ലെ?
അതെ,
എന്റെ മനസ്സ് തിരികെ പാഞ്ഞു
"നന്ദി" എന്ന വാക്കുകൾ വീണ്ടും വീണ്ടും ഉരുവിട്ടു കൊണ്ട് .
Not connected : |