എന്റെ യാത്രകൾ
❤എന്റെ യാത്രകൾ❤
"യാത്രകളെ ഞാനെന്നും പ്രണയിച്ചിടുന്നു
യവനകഥയിലെ നായികയെപ്പോലെ.
എന്റെ മനസിലിനിയെത്ര യാത്രകൾ
എണ്ണമറ്റാതെ കിടക്കുന്നു തീർക്കുവാൻ.
അമ്മതൻ ഗർഭപാത്രത്തിലേയ്ക്കൊരു ദിനം
ആരെയും കൂട്ടാതെ യാത്ര പോണം.
അമ്പിളി മാമന്റെ വീട്ടിലെയ്ക്കൊരു ദിനം
അണ്ണാറക്കണ്ണനേം കൂട്ടി പോണം.
അപ്പൂപ്പൻ താടിയിൽ കേറി പറന്നിട്ട്
ആകാശമുറ്റത്ത് ചെന്നീടണം.
നക്ഷത്രമുത്തുകൾ കോർത്തെടുത്തിട്ടൊരു
നൂൽമാല സൂര്യന് ചാർത്തീടണം.
കാക്കച്ചിയമ്മതൻ വീട്ടിൽ വിരുന്നുപോയ്
കിന്നാരം ചൊല്ലി പിരിഞ്ഞീടണം.
അമ്മയെപ്പറ്റിച്ച് കാക്കച്ചി മോഷ്ടിച്ച
അപ്പങ്ങളൊക്കെയും വീണ്ടെടുത്തീടണം.
ആനപ്പുറത്തൊന്നു കേറിയീ ഭൂമിതൻ -
അറ്റത്തു ചെന്നൊന്നിറങ്ങീടണം.
മാനത്തു മുട്ടുന്ന പട്ടത്തിൽ കേറീട്ട്
മേഘത്തിൻ തോളിലിറങ്ങീടണം.
മഴയുടെ വീട്ടിൽ വിരുന്നു പോണം.
മാനത്ത് മത്താപ്പ് പൊട്ടിക്കണം.
കുഞ്ഞിനാളിനെൻ കൈവിട്ട് പോയൊരെൻ
കുഞ്ഞിമുത്തശ്ശിയെ കാണാൻ പോണം.
സ്വർഗ്ഗകവാടത്തിൽ മുത്തശ്ശിയോടൊത്ത്
സ്വസ്ഥമായിട്ടൊന്നു കളിച്ചീടണം.
കരിയിലേം മണ്ണാങ്കട്ടയേം കൂട്ടീട്ട്
കാശിയ്ക്ക് പോയി മടങ്ങീടണം.
ഈ യാത്രകൾക്കൊടുവിലായ് പോയീടണം -
ഇണയോട് കൂടെയെൻ മനസിലേയ്ക്ക്.
ഈ യാത്രകൾ പോകുവാൻ കാലുവേണ്ട.
ഈ കാഴ്ചകൾ കാണുവാൻ കണ്ണ് വേണ്ട.
ഈ ജന്മാന്തരങ്ങളിൽ ജീവിതയാത്രയിൽ
ഇതു പോലെ യാത്രകൾ പലതുണ്ടു നമ്മളിൽ
ഇതുവരെപ്പോകാത്ത ഇനിയൊട്ടു കഴിയാത്ത
ഇഷ്ടമായ് മനസ്സിൽ ഒതുങ്ങുന്ന യാത്രകൾ.
യാത്രകൾ എന്നുമെൻ പ്രിയതോഴരെങ്കിലും
യാതന കാണുന്ന യാത്ര വേണ്ട!
ജീവിതം കാണുന്ന യാത്രമതി!
ജന നന്മ കാണുന്ന യാത്രമതി!
മുത്തശ്ശിക്കഥയിലെ കുളിർകാറ്റ് വന്നെത്തി
മഴയോട് ചേർന്നങ്ങ് വീശിടുമ്പോൾ
പറന്നും അലിഞ്ഞും ഇരുവഴി പിരിയാതെ
പോയിടാം കുടയൊന്നിൽ കൈകോർത്തിട്ട്.
നടന്നും പറന്നുമായ് നമുക്ക് തീർത്തീടാം
നന്മയുടെ നാളെയുടെ ഈ ജീവിത യാത്ര.
കൈവെടിയില്ല ഒരു നാളും ഈ യാത്രയിൽ
കൂട്ടിനായ് എന്നുമേ കൂടെയുണ്ട്❤ "
(....... അഭി.......)
Not connected : |