ആഴം
ആഴം (കവിത)
...............................................................................................................................................................
ഓരോ പാതകളും അവസാനിക്കുന്നിടത്താണ്
അഗാധമായ ശൂന്യതയുടെ ആരംഭം
മഞ്ഞു തൊട്ട മുനമ്പുകള്‍ക്കപ്പുറത്താണ്
പറന്നിറങ്ങുവാന്‍ കൊതിക്കുന്ന ആഴം
അവിടെയാണ് നിറയെപ്പഴുത്ത ഓറഞ്ച് മരങ്ങള്‍
അപാരതയോടു സല്ലപിക്കുന്നത്
അഗാധനീലിമയില്‍ അലിയുന്ന വയലറ്റ്
നിറമാണ് ഞാവല്‍പ്പഴങ്ങള്‍ക്ക്
പുന്നെല്ലു വിളഞ്ഞ പാടങ്ങളില്‍ പറവകള്‍
ദൈവത്തിന്‍റെ അന്നം കൊയ്തുമെതിയ്ക്കുന്നു
അഗാധശൂന്യതയുടെ സൗന്ദര്യം ആവാഹിക്കുവാന്‍
നീര്‍പ്പക്ഷിയാകുവാന്‍ കൊതിച്ചു പോയിട്ടുണ്ട്.
മേഘങ്ങള്‍ ചാഞ്ഞുപറന്നിറങ്ങുന്ന പാറയിടുക്കളിലേക്ക്
ആഴമില്ലാത്ത എന്‍റെ ഓര്‍മ്മകളുടെ താഴ്വാരങ്ങളിലൂടെ
ഘനീഭൂതമായ കിനാവുകള്‍
വെയില്‍കായുന്ന മഴക്കാടുകളുടെ ആര്‍ദ്രതയിലേക്ക്
ആരെന്നു ചോദിക്കാത്ത ആത്മബന്ധങ്ങളിലേക്ക്
കിളിപ്പാട്ടുകളില്‍നിന്നും സായാഹ്നവ്യഥ കടഞ്ഞെടുത്ത്
മഴകൊതിയ്ക്കുന്ന വരണ്ടഭൂമിയുടെ ഹൃദയത്തിലെ
ഉറവകളിലേക്ക്
പഴക്കാടുകളുടെ മധുരഗന്ധങ്ങളിലൂടെ
ആഴം വിളിച്ചു കൊണ്ടേയിരുന്നു.
അതെ ,മഞ്ഞു തൊട്ട മുനമ്പുകള്‍ക്കപ്പുറത്താണ്
പറന്നിറങ്ങുവാന്‍ കൊതിക്കുന്ന ആഴം
....................................................................................................................................................
കവിത എഴുതിയത് :ജയരാജ് മറവൂര്‍
Not connected : |