അടയാളച്ചില്ല്       
    ഗ്ളാസ്സുകള്‍ അടയാളങ്ങളാണ് ,
 സുതാര്യമായ അടയാളങ്ങള്‍
 ഒഴിഞ്ഞിരിക്കുമ്പോള്‍
 ശൂന്യമായതിന്‍റെ  വേദന
 നിറഞ്ഞിരിക്കുമ്പോള്‍ 
 ഒഴിഞ്ഞു പോകാത്ത വേദന
 നിലാവിന്‍റെ അതിസാന്ദ്രമായ
 നൂലിഴകള്‍ പോലും
 എന്‍റെ പാനപാത്രത്തിലൂടെ എനിക്കു കാണാം
 കലഹങ്ങള്‍ ഒഴിഞ്ഞ ഒരു രാത്രിയിലാണ്
 ഞാനും നീയും ഒമര്‍ ഖയ്യാമിന്‍റെ കവിതകള്‍ പാടി
 മധു ചഷകങ്ങളില്‍ പാനീയം നിറച്ച് 
 ഉന്മത്തരായിരുന്നത്
 രാവിന്‍റെ അവസാന വാതില്‍ അടയുന്നു
 തെരുവിലെ കീറത്തുണിയില്‍ 
 നിദ്രയുടെ പൂക്കള്‍ വിടരുന്നു
 ഓര്‍മ്മകള്‍ ഉണ്ടായിരുന്നകാലത്ത് 
 നീ പാടിയ പാട്ടുകളായിരുന്ന 
 എന്‍റെ നൊസ്റ്റാള്‍ജിയ.
 ഇന്ന് പൊട്ടിയ പാനചഷകങ്ങളില്‍ 
 എനിക്കു നിന്നെ കാണാം
 ഇനി ഈ ഗ്ളാസ്സുകള്‍
 ഒരിക്കലും നിറയ്ക്കുവാനാകില്ലെങ്കിലും
 നമുക്ക് ഒമര്‍ഖയ്യാമിന്‍റെ
 കവിതകള്‍ പാടുവാനാകില്ലെങ്കിലും
 ഇഷ്ടത്തിന്‍റെ മഴവില്ലു പൂത്ത
 ആകാശത്തിന്‍റെ  അരികുകളില്‍ 
 എനിക്കു നിന്നെ വായിക്കാം
 നഷ്ടപ്പെടുമ്പോള്‍  പണ്ട് നീ  
 അരികിലുണ്ടായിരുന്നതിന്‍റെ
 സുഖം ഞാനറിയുന്നു
 ...........................................................
 എഴുതിയത് - ജയരാജ് മറവൂർ
      
       
            
      
  Not connected :    |