ഒരു വൃക്ഷത്തിന്റെ രോദനം
മണ്ണിന്റെ മാറത്തു കയ്യൂന്നി
മാനത്തു മേഘങ്ങളെ മുത്തി മൂടിനിൽപ്പൂ
മിഴിവോടെ പാടത്തു പോക്കുവേയിലേറ്റു ഞാൻ
മൂകാന്ധകാരത്തിൽ എരിയുന്നിതാ.
കുഞ്ഞുമരുപ്പക്ഷി പാടി പറന്നെന്റെ
വക്ഷസ്സിലെ കൂട്ടിൽ കുഞ്ഞാറ്റകൾക്കായി
കത്തുന്ന വയറിന്റെയുള്ളിലേക്കിതിരി
കതിരിന്റെ കിങ്ങിണി കുളിരു നൽകി.
അണ്ണാറക്കണ്ണന്റെ ഈരടികൾക്കിടയിൽ
അന്തിനേരം മെല്ലെ മിഴിപൂട്ടുമാകാശം
ഭൂതകാലത്തിന്റെ ഭീത സ്മരണകൾ
കൂടണയുന്നെന്റെ നെഞ്ചിലെ ചില്ലയിൽ.
പണ്ടുപണ്ടങ്ങുപണ്ടേതോരു പുലരിയിൽ
കൂട്ടരുമൊത്തുണർണ്ണാടിയ തെന്നലിൽ
പക്ഷിജാലങ്ങളുടെ പൊരുളുകളിലിടയിൽ
പൂത്തുലഞ്ഞെത്തുന്നു തളിരുകൾ ചില്ലയിൽ.
ചില്ലകൾ കോർത്തു നിരന്നെന്റെ കൂട്ടരും
ചാഞ്ചാടിയെത്തിയ ചഞ്ചുഭൃത്തുക്കളും
ചിലമ്പി ഒളിച്ചും കളിച്ചും ചിരിക്കുന്ന
പൈതങ്ങളെൻ ചൂടു പറ്റിപുണർന്നിന്നലെ
വീടായി നാടായനേകജങ്ങൾക്കു-
മണ്ണാറക്കണ്ണനും തുമ്പികൾക്കും
തണലായി താങ്ങായി കുസൃതി കുരുന്നിനും
കുളിരായി വയലിലെ കർഷകകൂട്ടർക്കും.
ശതജീവനാശ്രയം ഞാനുമെൻ കൂട്ടരും
ശത്വരികാലത്തിലടയാളവും
ധനു-മേട മാസത്തിൽ നുകരുവാൻ മധുരവും
ധരണിതൻ മാരുതൻ ഞാനുമെൻ കൂട്ടരും.
ക്രോധാനുഭാവമോടലറി ചിരിക്കുന്ന
മന്ഥനിൽ നിന്നു ഞാൻ മറകൾ നൽകി.
കതിരിന്റെ കുളിരിന്നു കാത്തുനിൽക്കുന്ന
പൈക്കിടാങ്ങൾക്കന്നമായി ഊർജമായി.
മഴ നൽകി നിഴൽ നൽകി ചിരി നൽകിയെൻ കൂട്ടർ
നിനവിന്റെ ചൂടിലൊരു കുളിരു നൽകി
ഓടികളിച്ചേന്തിയാടുവാൻ കുഞ്ഞു-
കുരുന്നിന്നു ശിരസ്സിലെ ചില്ല നൽകി.
അലതല്ലിയാർത്തലഞ്ഞെത്തുന്ന നീരിനെ
വേരിൻ കരങ്ങളാൽ പുൽകി നിന്നു.
ദുര മൂത്തു ഭ്രാന്തെടുത്തെത്തിയ മാനവൻ
മഴുവിനാൽ പുൽകിപുണർന്നു വീഴ്ത്തി.
മരമൊരു വരമെന്നു നീയോതി, പിന്നെയോ
മരമൊരു മഴുവിന്റെ തുമ്പിലേന്തി.
തെന്നലിൻ കിന്നാരമേറ്റെന്റെ ചില്ലകൾ
മഴുവിന്റെ പാട്ടിനാൽ പറിച്ചു മാറ്റി.
ശ്യാമങ്ങളും പക്ഷിജാലവും പ്രണയിച്ചെൻ
വേരറക്കാനധികാരമാരു നൽകി?
മേഘങ്ങളും പൂമ്പാറ്റയും മുത്തുന്നെൻ
ചില്ല വധിക്കാനധികാരമാരു നൽകി?
ഉരഗങ്ങളും നീരുറവയും പുൽകുന്ന
വേരറക്കാനാരധികാരം നൽകി?
കുഞ്ഞുകുരുന്നുകൾ കളിയാടിയാടുന്ന
ചില്ല വധിക്കാനാരധികാരം നൽകി?
മഴമുത്തിയുരയുന്ന ഇല വെട്ടുവാൻ
പുലരി പുണരുന്ന പൂവെരിക്കാൻ
കിളി വന്നു മുത്തുന്ന കതിരെടുക്കാനും
ആരു നിനക്കധികാരം നൽകി...?
ഇന്നെന്റെ ചില്ലയിൽ കുയിൽനാദമില്ല
ഓടിക്കളിക്കുവാൻ കുറുമ്പരില്ല .
ചില്ലകൾ കോർത്തു ചിരിക്കുവാൻ കൂട്ടരും
കൊഴിയുന്ന ഇലയുടെ പാട്ടുമില്ല.
'എല്ലാം കവരുന്ന മാനവാ... ഓർക്കുക
കവരുന്നതെൻ ജീവൻ മാത്രമല്ല.
പ്രാപഞ്ചിക കളിയാട്ടവും ചിരിയുമൊപ്പം
നീ നിന്റെ വേരും മുറിക്കുന്നു!'
Not connected : |