ഋതുഭേദങ്ങളിലെ ചുവന്ന വൃക്ഷം
മഞ്ഞും നിലാവും മഴവില്ലിന്നാര്‍ദ്ര സന്ധ്യയും
ഒരു കുഞ്ഞുപൂവിന്‍ നിറമുള്ള പ്രാര്‍ത്ഥനയും
മിഴിവിളക്കിന്‍ നറും വെളിച്ചവും,
മുന്നില്‍ നിഴല്‍ പോലെ നിന്നോര്‍മ്മകളും
മഷിയടയാളം തന്ന വാക്കുകളും
പുനര്‍ജനിയുടെ സ്നാനഘട്ടം തേടുന്നു.
മഴ ബാക്കിവച്ച ഒഴുക്കിന്‍റെ അടയാളങ്ങള്‍
കാത്തിരിപ്പിന്‍റെ കല്‍പ്പടവുകള്‍
മിഴിയളന്നു പോയ ദൂരങ്ങള്‍
നീളം വയ്ക്കുന്ന നിഴല്‍പ്പരപ്പുകള്‍
ഏകാന്തതയുടെ അപാരതകളിലേക്ക്
നഷ്ടബോധത്തിന്റെ നിലാപ്പക്ഷികള്‍
എനിക്കും നിനക്കും ഋതുക്കളറിയാന്‍
ഒരു വൃക്ഷമുണ്ടായിരുന്നു
വസന്തങ്ങളില്‍ നെഞ്ചു പൊട്ടി പൂക്കുന്ന
പ്രണയത്തിന്‍റെ വൃക്ഷം
മഴയുടെ ഹിന്ദോളത്തില്‍
ഇലക്കുടകൊണ്ട് നമ്മെ പൊതിഞ്ഞ്
ശരത്കാലങ്ങളില്‍ നമുക്കു
ദലശയ്യ വിരിച്ച കനിവ്
മരവിച്ച കാത്തിരിപ്പുകള്‍
ശ്രുതി ഭംഗം വന്ന കാലൊച്ചകള്‍
ആത്മഗന്ധങ്ങളുടെ അടയാളങ്ങളിലൂടെ
വസന്തം തിരിച്ചു പോകുന്നു
നമ്മുടെ കാലോച്ചകള്‍ തിരിച്ചെടുക്കുക
പാദമുദ്രകള്‍ പതിച്ചു വയ്ക്കുക
നമ്മിലൂടിനിയോരു പ്രണയവും
തിരിച്ചു പോകാതിരിക്കട്ടെ
നാം കൊളുത്തിയോരു തിരിയും
കെട്ടു പോകാതിരിക്കട്ടെ
Not connected : |