നീർക്കടമ്പ് - പ്രണയകവിതകള്‍

നീർക്കടമ്പ് 

നീർക്കടമ്പിൻ പൂക്കളിൽ
നീളുന്ന മിഴികളിൽ
നിന്നാർദ്രസ്മിതം ഞാൻ
തേടി വരുന്നു കൃഷ്ണാ
നീഹാരമണിയും ലോലമാം
പൂങ്കവിൾപ്പൂക്കളിൽ
ആവണിപ്പൂന്തിങ്കളിൻ
പാലാഴി വീണലിഞ്ഞു
പ്രണയവേണൂമധുരേണുവായ്
മാധവമലരിതളായ്
തരളിതരാഗങ്ങളായ്
താരകാഹൃദയമന്ത്രമായ്
പ്രണയരാഗമധുരസ്മിതങ്ങൾ
പ്രസൂനചന്ദ്രികാവിലയിതമാമീ
നീലക്കടമ്പിൻ ചില്ലകളിൽ
ഗോപികാഹൃദയങ്ങളിലാന്ദോളനം
പാടുകയായ് പ്രീയമാം രാക്കുയിൽ
നീർക്കടമ്പിൻ പൂവുകളിൽ
നീലനിലാവിൻ കണ്ണുകളിൽ
ഗോവർദ്ധനത്തിൻ താഴ്വരയിൽ
ഗോപികാനയനമധുരിമയിൽ
യദുകുലകാംബോജീതാളമായ്
അമൃതസുഖാമൃതവേണുനാദം
അഞ്ജനക്കണ്ണിൻ നീലിമയിൽ
പുഞ്ചിരി തൂകും ചുണ്ടിണയിൽ
കാൽത്തള ചൂടും കനക പ്രഭയിൽ
കൈവള കിലുങ്ങും കാതരചന്ദ്രികയിൽ
കാർമേഘമണിവർണ്ണാ
ഗോകുലം പാടുന്നൂ
ഗോപാലഹൃദയമന്ത്രധ്വനികൾ
കാളിന്ദിയിലോളങ്ങളാകാശങ്ങളെ
നീർമുത്തു കൊണ്ടു പൊതിയുന്ന നേരം
പൊന്മുള കൊണ്ടൊരു പാട്ടിന്‍റെയീണം
പാലാഴിയായ് വന്നു നിറയുന്നു
യമുനയിലൂടൊഴുകും
നീലക്കടമ്പിൻ പൂവഞ്ചിയിൽ
നീയാമണിസ്വനവേണുവിൽ
മായാമന്ത്രരാഗം പാടുന്നൂ
ഞാനതിലലിയുമൊരു ബിന്ദുവായ്
താളത്തിലൊരലയാലിലതേടുന്നു.

................................
ജയരാജ് മറവൂർ
................................


up
0
dowm

രചിച്ചത്:
തീയതി:07-12-2018 08:49:41 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :