പ്രണയവൃക്ഷം പൂക്കുന്ന കാലം - പ്രണയകവിതകള്‍

പ്രണയവൃക്ഷം പൂക്കുന്ന കാലം 

മനസ്സിൽ നീയായിരുന്നെങ്കിൽ
മധുരം ഞാനൊരുരാഗമായേനെ
പെയ്തൊഴിഞ്ഞൊരു മഴ പോലെ
മോഹനമാണതിൻഹിന്ദോളം
അടുത്തു നീയായിരുന്നെങ്കിൽ
ആർദ്ര സായാഹ്നങ്ങളിൽ
ആ മഴ ഞാൻ നനഞ്ഞേനെ
അറിയാതടുത്തു പോയ്
പ്രീയേ ,കിനാവിൻ പുസ്തകം
തുറന്നുഞാൻ വായിക്കവേ
പ്രണയാർദ്രമധുരശാരികയായ്
നീയരികേ വന്നു നില്ക്കുന്നു
നിലാമഴച്ചിന്തുപോൽ നീരവം
നീയെന്നാത്മഹൃദയം തൊടുന്നു
ഒരു പുഴയാണെനിക്കു നീ
ഒഴുക്കിനെന്നുമളവറ്റചന്തം
ആ പുഴയിൽ കണ്ണാടി നോക്കുന്നൂ
മഴവിൽച്ചിന്താടുന്ന മാനം
മനസ്സിൽ നീയായിരുന്നെങ്കിൽ
ഞാനതിലൊരുവർണ്ണമായേനെ
ദൂരെ നിന്നുകണ്ടുകണ്ടങ്ങനെ
നേരമറിയാതെ നിന്നുപോയേനെ
അടുത്തുനിന്നാത്മസ്വരമുണ്ടെങ്കിൽ
ആ നൂപുരധ്വനീതാളമുണ്ടെങ്കിൽ
ഹൃദ്യമധുരം ഞാനതിലലിഞ്ഞേനെ
പ്രീയേ, നിലാവിന്‍റെ തോണിയിൽ
കിനാവിലെന്നുമേകാന്തയാനം
ഓർമ്മയാണെന്നുമാത്മസുഗന്ധം
ഓർമ്മകളില്ലാതരനിമിഷമുണ്ടോ
ഓർമ്മമരങ്ങൾ പൂക്കുന്ന കാലത്ത്
ബോഗൺവില്ലകൾക്കപ്പുറം
കണ്ടു മറഞ്ഞതാണാമുഖം
സ്മൃതിയിൽ നീയായിരുന്നെങ്കിൽ
സ്നേഹമായിരുന്നേനേ കാലം
പൂമണമുള്ളൊരു കാറ്റിലാലോലം
തീരങ്ങൾതേടിയലഞ്ഞേനെ
താരങ്ങൾ തെളിയുന്ന രാവു കണ്ടു
മഞ്ഞിൻ തണുപ്പുള്ള പുലരി കണ്ടു
ഇഷ്ടമായൊരു സായന്തനം കണ്ടു
ഈണത്തിൽ പാടുന്ന പക്ഷിയ്ക്കും
രാഗമിന്നു വിരഹനീലാംബരി
മഞ്ഞിലില പൊഴിയും മരങ്ങളേ
പ്രീയഗന്ധമാം പാരിജാതങ്ങളേ
പൂത്തു നില്ക്കുമിലഞ്ഞികളേ
കാറ്റിലുലയുമരളിപ്പൂവുകളേ
കാത്തുകാത്തിരിക്കയാണെങ്ങോ
പൂത്തുപൂത്തൊരു തേൻ മരം

എഴുതിയത്:-ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:07-01-2019 10:50:33 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:527
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :