ജൂണ്‍ മഴ പള്ളിക്കൂടം - തത്ത്വചിന്തകവിതകള്‍

ജൂണ്‍ മഴ പള്ളിക്കൂടം 


ഒന്ന്

കലണ്ടറില്‍ നിന്നും
കറുത്ത പക്ഷികള്‍
കരിയടുപ്പിലേ-
ക്കടര്‍ന്നു വീഴുന്നു ......
........................
.........................
ഇടം കൈയ്യില്‍ ചാമ്പല്‍
കുടവുമായ് നഗ്ന
പുരോഹിതന്‍ നിന്നു
മഴ കുടിക്കുന്നു .
(ബാലചന്ദ്രന്‍ ചുള്ളിക്കാടു - ജൂണ്‍)


വിരഹ മാസത്തേക്കാള്‍ അറുപത്തൊന്നു ദിവസം ഇളയവള്‍ . കവികള്‍ എഴുത്തുകാര്‍ ഏറെ പ്രണയിച്ച മാസം .ജൂണ്‍, പ്രതീക്ഷയുടെ , സ്വപ്നങ്ങളുടെ കാലമാണ് . അവളുടെ വരവിനായ് കാത്തിരിക്കുന്നവര്‍ ഒരുക്കം നടത്തുന്നവര്‍ ഏറെ ,ഏറെയാണ്‌ .പ്രിയ കൂട്ടുകാരാ നിനക്ക് ഓര്‍മ്മയില്ലേ പഴയ ജൂണ്‍ മാസങ്ങള്‍ ഒത്തുനടന്ന മഴ വഴികള്‍ .മഴ നനഞ്ഞ വരാലും കുഞ്ഞുങ്ങളും. അതെ നീ ഓര്‍ക്കുന്നു നിനക്കും മറക്കുവാനാവില്ല ജൂണ്‍ മാസത്തെ. എനിക്കിപ്പോള്‍ കാത്തിരിപ്പിന്റെ കാലമാണിത് വീട്ടിലേക്കു ജൂണ്‍ എത്തുക ഒട്ടു വിടവിലൂടെ മുഖത്തും , മെയ്യിലും കിടക്കയിലും , പുസ്തകങ്ങളിലും , മനസിലേയ്ക്കും ചോര്‍ന്നു വീഴുന്ന മഴയ്ക്കൊപ്പമാണ്. ജൂണ്‍ എന്റെയും നിന്റെയും ഒപ്പം ആര്‍ക്കൊക്കെയോ പ്രിയപ്പെട്ട മാസം.

രണ്ടു

മഴ തൊടുമ്പോള്‍
നീ തൊട്ടപോലെയെന്‍
കരളിലാര്‍ദ്രമായ്
കുറുകുന്നു പ്രാവുകള്‍
വരിക നനയാം നടക്കാം
കുടപിടിക്കാതെ
ഒരു പാട് ദൂരം
വരിക നനയാം നടക്കാം
കുടപിടിക്കാതെ
ഒരുപാടു നേരം .
(എം.സങ് - മഴ തൊടുമ്പോള്‍ )

മഴ ജൂണിന്റെ പ്രിയ പുത്രി ഒരു മഴക്കാലത്തെയെങ്കിലും ഓര്‍ക്കാത്ത , പ്രണയിക്കാത്ത , ചിലപ്പോളെങ്കിലും ശപിക്കാത്ത ആരാണ് ഉണ്ടാവുക. ജൂണിലെ മഴകള്‍ അസ്വസ്ഥമായ മനസിനെ തണുപ്പാല്‍ ശമിപ്പിക്കാത്ത ഒരു സന്ധ്യയെങ്കിലും ആര്‍ക്കാണ് ഉണ്ടാവതിരിക്കുക . മഴയെ പ്രണയിക്കുന്ന കൂട്ടുകാരിയും ശപിക്കുന്ന അമ്മയും ,വീട് ചോര്‍ന്നു വസ്ത്രം നനയ്ക്കുമ്പോള്‍ ..ഛെ .. എന്ന് പരിഭവിക്കുന്ന പെങ്ങളും , മുന്നിലുണ്ടിപ്പോഴും . കൂട്ടുകാരാ നിനക്കും മഴ എന്തൊക്കെയോ അല്ലെ? ആ കരുതലുകള്‍ എന്നെയും നിന്നെയും മഴ നനഞ്ഞു നടക്കുവാന്‍ കലമ്പി കലങ്ങിയ കലക്കവെള്ളത്തില്‍ ചാടിക്കളിക്കുവാന്‍, തമ്മില്‍ തെറിപ്പിച്ചു കലഹിക്കുവാന്‍ എത്ര തവണയാണ് പ്രേരിപ്പിച്ചിട്ടുള്ളത് .
മഴയെനിക്കിന്നു സ്മരണകളുടെ അനുഭൂതിയാണ് കാത്തിരിക്കുമ്പോള്‍ എത്താത്ത , പ്രതീക്ഷിക്കാതെ കടന്നു വരുന്ന , കൊതിച്ചു നില്‍ക്കുമ്പോള്‍ പറയാതെ മടങ്ങിപ്പോകുന്ന പ്രണയം പോലെയാണ് . അതെ അവള്‍ പറഞ്ഞത് പോലെ ലിപികളില്ലാത്ത പ്രണയമാണ് .

മഴ ചിലപ്പോള്‍ അമ്മപോലെ , പെങ്ങള്‍ പോലെ , പെണ്ണിനെപ്പോലെ , ചിണുങ്ങും കുഞ്ഞിനെപ്പോലെ , ഓര്‍ക്കാതെ കുപിതനായ അച്ഛനെപ്പോലെയും .

മൂന്ന്
മുണ്ടാകപ്പടത്തൊതുങ്ങും
ഞണ്ടിന്റെ ജീവിതം ചൊല്ല്
പച്ചമലയാള തോറ്റം
തെറ്റാതറയ്ക്കാതെ ചൊല്ല്
തെങ്ങിന്റെ ഇളം കൊല പോലെ
നെല്ലിടിക്കും ചിന്തു ചൊല്ല്
പാടവരമ്പില്‍ തിളയ്ക്കും
നാടോടി നോവുകള്‍ ചൊല്ല് .

(കുരീപ്പുഴ ശ്രീകുമാര്‍ - പള്ളിക്കൂടം )
ജൂണിന്റെ തലേന്ന് മഴ മണക്കുന്ന പുത്തന്‍ പുസ്തകങ്ങളുമായ് പടി കടന്നു വരുന്ന അച്ഛന്‍ .. അതാ ! പാടവരമ്പിലൂടെ , കാലുറയ്ക്കാത്ത പഞ്ചാര മണലിലൂടെ ആ കൈ പിടിച്ചു , പുത്തന്‍ പുസ്തകങ്ങളും , സ്ലേറ്റും ,കല്ല്‌ പെന്‍സിലും അമ്മ മെടഞ്ഞു തന്ന പ്ലാസ്ടിക്കു സഞ്ചിയില്‍ തിരുകി പുത്തന്‍ കുടപിടിച്ച് ഗമയോടെ ആദ്യമായ് മഴയ്ക്കൊപ്പം ജൂണിന്റെ വിരലിലൂടെ പള്ളിക്കൂടത്തിലേക്ക് കുഞ്ഞു കാലുകള്‍ പിച്ച വയ്ക്കുന്നു . പുത്തന്‍ പ്രതീക്ഷകള്‍ , നൊമ്പരങ്ങള്‍ , അമിതമായ സന്തോഷങ്ങള്‍ എന്തെല്ലാം ഇവിടെ ഒത്തു കൂടുന്നു . കുട്ടികള്‍ ഏറിഞ്ഞുടച്ച ഓടുകള്‍ക്കിടയിലൂടെ വീട്ടിലെപ്പോലെ മഴ പുസ്തകങ്ങള്‍ നനയ്ക്കുന്നു. കാത്തിരുന്ന ദിനങ്ങളെത്തി , ജൂനും മഴയും പള്ളിക്കൂടവും കുട്ടികളെ പ്പോലെ ഓത്തു കൂടുന്നു സ്കൂള്‍ മുറ്റത്തെ ചെളിവെള്ളത്തില്‍ ഏതോ കുട്ടി ചമച്ചിട്ടൊരു കടലാസുവള്ളം മഴയുടെ മുത്തങ്ങള്‍ ഏറ്റേറ്റ് ആരയോ കാത്തുകിടക്കുന്നു .ഒരു കുഞ്ഞു വിരല്ത്തുമ്പിനെ, ഉറുമ്പുകളെ , വീണ്ടും വരാവുന്ന മടങ്ങിപ്പോകാത്ത മഴയെ.........


up
0
dowm

രചിച്ചത്:എം.സങ്
തീയതി:17-08-2012 08:38:02 PM
Added by :m.sang
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me