സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവള്‍........... - പ്രണയകവിതകള്‍

സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവള്‍........... 

ജാലകചില്ലുകളില്‍ ഇന്നലെ
കാലം ഉപേക്ഷിച്ച്‌ പോയ മഴത്തുള്ളികള്‍
കാലത്തേയും മറികടന്ന് ഓര്‍മകളെ ബന്ധിച്ചിടുന്നു...

കടലിലേക്കുള്ള നദിയുടെ പ്രയാണംപോലെ,
കാലത്തിന്‍റെ ചുഴിക്കുത്തിലേക്ക് ഓര്‍മകളുടെ
തീരാ പ്രവാഹം...

ഇടക്കെപ്പോഴോ,
തുടര്‍ച്ചനഷ്ട്ടപെട്ട പുഴയെപ്പോലെ,
ഇടര്‍ച്ചയോടെ നഷ്ട്ടപ്പെടുന്ന മോഹങ്ങള്‍.....

തീരത്തിന്‍റെ വിരിമാറിലേക്ക് അടിച്ചുകയറുന്ന
തിരകളെപ്പോലെ, മനസ്സിന്‍റെ ആഴങ്ങളിലും
പോയകാലത്തിന്‍റെ വേലിയേറ്റങ്ങള്‍ ...

ആഴികളിലേക്ക് പകരുന്ന നീരൊഴുക്കുപോലെ,
മിഴികളില്‍ പരക്കുന്ന ബാഷ്പപ്രവാഹം...

ഇനിപറയൂ...
എന്തിനാണെന്‍റെ മനസ്സിന്‍റെ കാണാച്ചില്ലയില്‍
സ്വപ്‌നങ്ങള്‍കൊണ്ട് നീ കൂടുകൂട്ടിയത്???

എന്തിനാണെന്‍റെ അക്ഷരങ്ങള്‍ക്കുമേല്‍
കടുംചായങ്ങള്‍കൊണ്ട്
വസന്തങ്ങള്‍ തീര്‍ത്തത്???

എന്തിനാണ് ഇരുണ്ടമൂലകളില്‍
ചുടുനിശ്വാസങ്ങള്‍കൊണ്ട്
എന്‍റെ തണുപ്പിനെ പുതപ്പണിയിച്ചത്???

എന്തിനെന്‍ കവിളത്ത്
തുപ്പല്‍നനവുള്ള ചുംമ്പനങ്ങള്‍കൊണ്ട്
എന്‍റെ നോവുകളെ ഊറ്റിയെടുത്തത്???

എന്തിനെന്‍ സ്വപ്നങ്ങള്‍ക്കുമകുടമായ്
സപ്തവര്‍ണങ്ങല്‍കൊണ്ട്
മഴവില്ലുകള്‍തീര്‍ത്തത്???

ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍
അകന്നകന്നുപോയത് മനസ്സുമരിച്ച നീയും,
മനസ്സുമരവിച്ച ഞാനും...

ഇനിയെന്നെ എന്‍റെ ഓര്‍മ്മകളോടൊപ്പം
ആറടി മണ്ണില്‍ താഴ്ത്തുക,
ഉയര്‍ത്തെഴുനേല്‍ക്കാതിരിക്കാന്‍
മുകളില്‍ മണ്ണും ചരലും വാരിവിതറുക.

കുറ്റബോധത്തിന്‍റെ മുഖംമൂടിയണിയാന്‍
ആ കുപ്പിവളക്കൈകളാല്‍ ഇത്തിരി
മണ്ണും പാകത്തിലെറിയുക...

പേരുമറന്നിടാതിരിക്കാന്‍
എന്‍റെ ശിരസ്സില്‍ ആഴത്തില്‍ തറച്ച
മീസാന്‍ കല്ലില്‍ പേരും സമയവും കോറിയിടുക...

ഒരു മാത്രപോലും തിരിഞ്ഞു നോക്കാതെ,
ഒരു ഭാവഭേദവും കൂടാതെ
നീ നിന്നിലേക്കുതന്നെ നടക്കുക...
നിന്‍റെ നിറമുള്ള സ്വപ്നങ്ങളില്‍
അലിഞ്ഞുചേരുക...


up
1
dowm

രചിച്ചത്:അനീസ്‌ അജ്മല്‍ എം. പി
തീയതി:04-09-2012 12:22:48 PM
Added by :aneesajmal
വീക്ഷണം:364
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :