ഗാന്ധാരി
വനവാസമാരംഭിച്ചിട്ടിന്നു മൂന്നു വർഷമായി
ഞാനും വ്യാസപുത്രനും സോദരി കുന്തിയും,
നാലുപേരായിരുന്നാദ്യമെങ്കിലും വിദുര, രുഗ്ര—
ബലികളാൽ സ്വർഗ്ഗലോകം പൂകിയിരുന്നു.
പ്രദോഷപൂജ കഴിഞ്ഞ് സഹായി സഞ്ജയനുമായ്
ധൃതരാഷ്ട്രനും കുന്തിയും വരാൻ നേരമായ്.
അരിയ പൊയ്കയും കരയ്ക്കാശ്രമവും ചുറ്റുമിട—
തൂർന്നിരുൾ പരത്തുമാരണ്യസമൃദ്ധിയും,
ഏറെ നാളായാഗ്രഹിച്ച സ്ഥലമിതെനിക്കെത്രയോ
പരിചിതമായിത്തോന്നി കുന്തി ചൊല്ലുമ്പോൾ.
മൂവർക്കുമായ് കാത്തിരിക്കുമെൻ മനസ്സിൽ തെളിയുന്നു
ആവലുറഞ്ഞിരുണ്ട പഴയ ദിനങ്ങൾ,
ഭീഷ്മനും കൂട്ടരും ഹസ്തിനാപുരപ്പടയുമായി
നിഷ്ഠുരമപമാനം വിതച്ച നാളുകൾ.
ബന്ധിച്ചച്ഛനെ, വധിച്ചു സഹോദരരിൽ പലരെ,
ഗാന്ധാരത്തെ സാമന്തരാജ്യമാക്കീടുവാൻ,
കപ്പം കെട്ടാൻ കരം പിരിക്കുന്ന ഗതികെട്ടയച്ഛൻ
അല്പം പോലുമധികാരമില്ലാത്ത രാജൻ.
മുറിവിലൊരമ്പായ് വീണ്ടും പടയെടുത്തവരെന്നെ
കുരുവംശക്കുരുടന്റെ വധുവാക്കുവാൻ,
വെറുപ്പുമെതിർപ്പുമെല്ലാമെന്റെ കണ്ണീരായൊതുങ്ങി
വെറുമൊരടിമയെപ്പോൽ ക്രയവസ്തുവായ്.
പ്രതികാരം ജ്വലിക്കുമെന്നക്ഷികളും വികാരവു--
മിതമാരുമൊരിക്കലും കാണാതിരിക്കാൻ,
ഭീക്ഷ്മ, ധൃത-കുരുവൃന്ദപ്പരിഷതൻ പൊയ് മുഖങ്ങ--
ളമ്പേ! കാണാതിരിക്കാനും കണ്ണുകെട്ടി ഞാൻ.
നൂറു മക്കൾക്കുള്ള വരമെനിക്കുണ്ടെന്നതാൽ വംശ—
വർദ്ധനവെളുപ്പം ഭീഷ്മൻ കണക്കു കൂട്ടി,
ദണ്ഡാൽ ഗർഭത്തെയടിച്ചു ഞാനാക്കണക്കു തെറ്റിക്കാൻ
രണ്ടാം വർഷം ചാപിള്ളയായ് പിറന്നു പിണ്ഡം.
സന്തോഷമുള്ളിലും ദുഃഖം പുറത്തുമായ് നിൽക്കേ നൂറു—
സന്താനവരമേകിയ വ്യാസൻ ചതിച്ചു.
നൂറ്റൊന്നായി പിണ്ഡം മുറിച്ചടച്ചു കുടങ്ങളിലായ്,
തെറ്റു പറ്റാൻ നോറ്റു വീണ്ടും രണ്ടു വർഷങ്ങൾ.
പലകാലമാഗ്രഹങ്ങൾ ഫലിക്കാതെയിരുന്നാലും
ചില നേരമൊരു രേഖ ഹിതമായിടാം.
ദുര്യോധനനൊന്നാമനായ് പിറന്നപ്പോൾ നരി പോലെ
കരഞ്ഞവൻ കുലഹര ലക്ഷണമായി.
എന്നിച്ഛയ്ക്കുതകും ഗുണമുള്ളതാലവനെക്കൊല്ലാൻ
ചൊന്നവരോടെതിർത്തുള്ളിൽ സന്തോഷമോടെ.
ദുർന്നടത്തകൾക്ക് വിഷം കൈകാലാക്കി ദുര്യോധന—
നെന്ന പേരിൽ വളർത്തി ശകുനിയുമായി.
അരക്കില്ലം ചൂതുകളിയിവയെല്ലാമധർമ്മമെ--
ന്നറിഞ്ഞിട്ടുമറിയാതെ നടിച്ചിരുന്നു.
വസ്ത്രാക്ഷേപമെന്നിൽ ദ്വേഷമുളവാക്കിയെന്നാൽ, ലക്ഷ്യം
പാതയ്ക്കെന്നുമൊരു ന്യായീകരണമല്ലോ!
ദ്രൌപതീശാപത്തിൽ നിന്നും കൌരവരെ രക്ഷിച്ചതെ—
ന്നഭിലാഷ-കുലനാശം സംഭവിക്കുവാൻ.
ജ്യേഷ്ഠനെ തന്നനുജന്മാർ ഗുരുവാക്കിയവസാനം
തോണ്ടിയില്ലേ കുരുവംശക്കുരുതിക്കുളം.
ശരശയ്യയിൽക്കിടന്നിട്ടൂർദ്ധ്വവായു വലിക്കുന്ന
കുരുകുലപതിയേകിയാനന്ദമൂർച്ഛ.
യുദ്ധ സമാപ്തിക്കു മുന്നേ കൺകെട്ടഴിച്ചൊരിക്കലെൻ
പുത്രദേഹമിരുമ്പാക്കിയഹന്തയേറ്റാൻ,
അറിഞ്ഞു ഞാൻ കള്ളക്കൃഷ്ണനധർമ്മവിനാശത്തിന്ന്
കൌപീനത്താൽ ചെയ്ത ധർമ്മരക്ഷോപായവും.
യുദ്ധാന്ത്യത്തിലാഗ്രഹങ്ങളാർജ്ജിച്ചാലും, നൂറുപുത്ര—
മൃത്യുവെന്ന സത്യമാത്മസംഘർഷമേകി.
മാതൃദുഃഖവിഭ്രാന്തിയിൽ നിന്നു മുക്തയാകുവാൻ ഞാൻ,
യാദവനെപ്പോലും കുറ്റം ചൊല്ലി ശപിച്ചു.
രണ്ടുപേരാണിനി ബാക്കി, യെൻ പതിയുമദ്ദേഹത്തിൻ
ജാരപുത്രൻ യുയുത്സുവുമീക്കുടുംബത്തിൽ.
പാണ്ഡവരോ? ചോദിച്ചേയ്ക്കാ, മില്ലവർക്ക് കുരുരക്തം,
കൂടാതവരെന്നാഗ്രഹം നിവർത്തിച്ചവർ,
യുയുത്സുവെ വിടുന്നു ഞാൻ, അവൻ പാണ്ഡവർക്കു ചാര—
നായധർമ്മം കൈവെടിഞ്ഞ കൌരവനല്ലേ.
ധൃതരാഷ്ട്രൻ സഞ്ജയനും കുന്തിയുമായ് വരുന്നേര—
മെതിർദിശയാകെ വനം കത്തിയിരുന്നു.
വന്നവഴി സഞ്ജയന്ന് രക്ഷയായി, മൂവർ നമ്മൾ
വഹ്നിയേയും കാത്തു പത്മാസനത്തിലായി,
തീപടർന്നെൻ കണ്മറ കരിഞ്ഞു വീഴ്കെ കണ്ടു കൊടും—
താപമതിൽ വെന്തുരുകും വ്യാസപുത്രനെ.
സന്താപമില്ലാതെ ഞാനാക്കാഴ്ച്ച കണ്ടിട്ടഗ്നിദേവ—
ന്നന്ത്യ സ്പർശനത്തിന്നായി മിഴിയടച്ചു.
കുന്തീപുത്രക്കാൽവിരൽ ഞാൻ കരിച്ച ചരിഞ്ഞനോട്ട—
മിന്നീക്കാട്ടിലേയ്ക്ക് വിട്ടതറിഞ്ഞില്ലാരും!
Not connected : |