അമ്മയെന്നെ ഊട്ടുമ്പോൾ - മലയാളകവിതകള്‍

അമ്മയെന്നെ ഊട്ടുമ്പോൾ 

അമ്മയെന്നെ ഊട്ടുമ്പോൾ

അമ്മയെന്നെ ഊട്ടുമ്പോൾ
ചോറും കറിയും കുഴച്ച് കൈനിറയെ വാരിയെടുത്ത് എന്റെ വായിൽ വച്ചു തരുമ്പോൾ ഞാൻ മുപ്പതുകളുടെ വിഹ്വലതകളിൽ നിന്ന് മൂന്നിന്റെ ചിരിയലകളിലേക്കു മടങ്ങുന്നു.

അമ്മ വായിൽ വച്ചുതരുന്ന ചോറിന് ഓർമ്മകളുടെ ഉപ്പും, പുളിപ്പും, മധുരവുമാണ്.
കുഞ്ഞായിരുന്നപ്പോൾ നേരത്തേ തന്നെ സ്കൂളിലെത്തി ചോറുമായി കാത്തിരിക്കുമായിരുന്ന അമ്മയെ ഓർമ്മ വരും.
ടീച്ചർ ക്ലാസ്സുനിർത്താനായി കാത്തു നിൽക്കുന്ന എന്റെ പാവം അമ്മയെ.

ഇപ്പോൾ
വീടിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ, അല്ലെങ്കിൽ വെറുതെ അമ്മയുടെ മുമ്പിലൂടെ പോകുമ്പോൾ കഴിക്കാനിരിക്കുന്ന അമ്മ കൈയ്യിലൊരു പിടി ചോറുമായി എന്നെ വിളിക്കുന്നു.

ഞാൻ വലുതായത് അമ്മ മറന്നു പോയോ?
ഞാൻ അമ്മയുടെ പഴയ ആ പെൺകുഞ്ഞിൽ നിന്ന് സ്ത്രീയായത് അറിയാത്തതാണോ?

ഞാൻ കഴിച്ചു കഴിഞ്ഞിട്ടുണ്ടായിരിക്കും.
മക്കൾ കഴിക്കാതെ അമ്മ കഴിക്കാറില്ലല്ലോ.
എങ്കിലും അമ്മയുടെ ഉരുളകൾ എനിക്കു വേണ്ടിയാണ്.

എന്റെ ബാല്യവും, കൗമാരവും വഴിക്കു വച്ച് ഓർമ്മയായി മാത്രം അവശേഷിച്ച കുറേ നഷ്ട വസന്തങ്ങളും ഉരുളകളായി അമ്മയെനിക്കു തിരികെ തരുന്നു.

ആ ഉരുളകളിൽ ഒരു കുഞ്ഞുടുപ്പിട്ട ഞാൻ പ്രതിബിംബിക്കുന്നുണ്ട്.
അമ്മ കണ്ണിലെഴുതിയ മഷിയും, കവിളിൽ കുത്തിയ മറുകും കാണാനുണ്ട്.
അമ്മ എനിക്കു വാങ്ങിച്ചു തന്ന സ്ലേറ്റും, പെൻസിലും ഒരു നിഴലായുണ്ട്.

പലപ്പോഴും എന്റെ വയർ നിറഞ്ഞിരിക്കുമ്പോഴാകും അമ്മ ഉരുള നീട്ടുന്നത്.
പക്ഷേ ഓരോ ഉരുളയും എന്നിൽ വിശപ്പ് നിറയ്ക്കും.
ആ ഉരുളകൾ നിറയെ അമ്മയുടെ സ്നേഹത്തിന്റെ അമൃതമാണ്.

അമ്മ എന്നും എന്നെ ഊട്ടുന്നു.
ഉമ്മ തരുന്നു.

മൂന്നിന്റേയും, മുപ്പതിന്റേയും വ്യത്യാസം അമ്മയെന്ന മഹാസത്യത്തിലലിഞ്ഞ് ഇല്ലാതാകുന്നത് ഞാനറിയുന്നു.


up
0
dowm

രചിച്ചത്:Neethu. NV
തീയതി:24-06-2019 12:20:33 PM
Added by :Neethu NV
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :