കൃഷ്ണ സ്മൃതികൾ - പ്രണയകവിതകള്‍

കൃഷ്ണ സ്മൃതികൾ 

കൃഷ്ണ സ്മൃതികൾ

പൊഴിയുവാൻ വന്ന വർഷമേഘമകന്നു പോകെ

ഒരു കോലക്കുഴൽ ഗീത മടഞ്ഞു പോകെ

നിന്നെയണിയിക്കാൻ ഞാൻ കാത്തു വച്ച മയിൽപ്പീലിത്തുണ്ടുകൾ പറന്നു പോകെ

കേണു വിളിക്കുന്നു നിന്നെയെൻ ശൗരേ
വരിക തിരിച്ചു നീ ഒന്നു കാണുവാൻ മാത്രമായ്.

അന്നു നിൻ മധുര ഗാനമാം സരസ്സിൽ തളിരിട്ട വെൺമലരുകളെത്രയോ ഗോപിമാർ.
ഇന്നു നിൻ പാദധൂളിയാകാൻ കൊതിക്കുമിവൾക്കായൊന്നു പാടൂ കണ്ണാ നീയാർദ്രനായ്.

പോയ് മറഞ്ഞ നിൻ മഞ്ജു നാദങ്ങളിൽ
നീയുണർത്തിയ പ്രേമ വൃന്ദാവനം
ഒന്നുകൂടി തിരിച്ചു തരിക നീ
വീണ്ടുമീ കടമ്പുകൾ പൂക്കട്ടെ.

അരിയ താമരമൊട്ടുകൾ വിരിയുന്ന ,നിന്നമല പാദസ്പർശമുണർത്തിയ പുളകിത യമുനയൊന്നുണ്ടിവൾ തന്നുള്ളിലായ്
അവിടെ മുഴങ്ങാറുണ്ടു നിൻ കാൽച്ചിലമ്പിന്റെ പ്രണയധ്വനികളത്രമേൽ സാന്ദ്രമായ്.

മിഴി തുറന്നില്ല മുകിലുകൾ,നിന്നെയെരികിലേക്കണയുവാൻ മറഞ്ഞതാവണം.

എത്ര വാസന്തങ്ങളോമനിച്ചിട്ടും പൂക്കാത്ത മാമരങ്ങളിൽ പഠിച്ച സ്വരങ്ങൾ മറന്ന പോലീ കോകിലങ്ങൾ വിഹരിക്കവേ
ഗോക്കളെ, ഗോപികാ മണികളെ മഞ്ഞുപോലലിയിച്ച മുരളീരവവുമായ് രാഗലോലനായ് നീ വരുന്നൊരെൻ പ്രണയസ്മൃതികളിൽ പൂ വിടുന്നു തരുക്കൾ വീണ്ടും, ഗാനമോതുന്നു കുയിലുകൾ, പൂ വിരിക്കുന്നു നീല ക്കടമ്പുകൾ, നർത്തനം ചെയ്യുന്നു നീല നീല പ്പീലി ചാർത്തിയ മയിലുകൾ.

ഞാനാം കാളിന്ദിയണയ്ക്കുന്നു നിൻ വളകിലുക്കവും, കിങ്ങിണിക്കൊഞ്ചലും.

അന്യമാണു നിൻ മൂർത്ത ഭാവങ്ങളെങ്കിലും
എനിക്കു ചരിക്കാൻ പ്രണയത്തിൻ ചിറകുകൾ മുറിച്ചു തന്നു നീ.

എത്രയോ പേർ നിൻ രാധയാവാൻ
എത്രയോ പേർ നിൻ ഭാമയാവാൻ.

എങ്കിലും നിൻ വഴികളിൽ വനമുല്ലയായ് പൂക്കുവാൻ
നീയമരും വൃക്ഷത്തണലിലൊരു ചകോരമായ് കേണിടാൻ
നിന്റെയോർമ്മയിലൊരു ശലഭമായ് പാറിടാൻ
മാത്രമെൻ മൗനചേതന തുടിക്കവേ
കാത്തിരിക്കുന്നു ഞാൻ നീ വരും നാളിനെ
നിന്റെ മിഴിയെന്നെ തഴുകുന്ന മാത്രയെ .


up
1
dowm

രചിച്ചത്:Neethu. NV
തീയതി:24-06-2019 12:08:44 PM
Added by :Neethu NV
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :