ബോൺസായ്  - മലയാളകവിതകള്‍

ബോൺസായ്  

മഴ നനഞ്ഞ്, തൊട്ടടുത്തുള്ള എന്റെ കൂട്ടുകാരൻ ചെടിയോട്
കിന്നാരം പറയുമ്പോഴാണ് നീ ഒരു കട്ടുറുമ്പായി വന്നത് …
കാറ്റും വെളിച്ചവും കുറഞ്ഞ മുറിക്കുള്ളിൽ നീയെന്നോട്
ഒതുങ്ങിയിരിക്കാൻ പറഞ്ഞപ്പോഴേ മനസിലായി എന്റെ വിധി !

എന്റെ ലോകം ഒരു ചെറിയ ചട്ടിയിലേക്ക് മാത്രം ഒതുക്കി നീ …
എങ്കിലും പുറത്തെ വെളിച്ചത്തിലേക്ക് ഇടയ്ക്കൊക്കെ
വല്ലാത്ത ആസക്തിയോടെ ഞാൻ തല നീട്ടുമ്പോഴൊക്കെ നീയത് കണ്ടു പിടിച്ചു !

നിന്റെ സ്വാർത്ഥതയുടെ കത്രികകൾ ഉപയോഗിച്ച്
വീണ്ടും വീണ്ടും നീ എന്റെ മോഹങ്ങളെ അരിഞ്ഞെറിഞ്ഞു…
എന്നിലെ തളിർക്കാൻ തുടങ്ങുന്ന കുഞ്ഞു സ്വപ്നങ്ങളെ
വീണ്ടും വീണ്ടും നുള്ളിക്കളഞ്ഞു …

എപ്പോഴോ ഞാനറിഞ്ഞു എന്നിലെ നൈസർഗികമായ
ഗുണങ്ങളും മണങ്ങളും നഷ്ടപ്പെടുന്നെന്ന്…
സ്വാതന്ത്ര്യത്തിന്റെ കുളിർ കാറ്റേറ്റ് സ്വയം മറന്നു നിന്നിരുന്ന എന്നെ
ഇരുട്ടറയിൽ അടച്ചിട്ടപ്പോൾ മുതലായിരിക്കണം ഞാനൊരു ബോണ്സായ് ആകാൻ തുടങ്ങിയത് …

നീയെന്നെ ഒരു കാഴ്ച്ച വസ്തുവാക്കാൻ ശ്രമിക്കുന്നതും
നീയെനിക്ക് വിലയിടാൻ തുടങ്ങുന്നതും ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട് …
എങ്കിലും എന്റെ മനസിനെ ഒരു ബോണ്സായ് ആക്കാൻ നീ
നൂറു ജന്മങ്ങൾ ജനിക്കേണ്ടി വരും !

അവിടെ ഞാനൊരു ബോണ്സായ് അല്ല
നീ ഇനിയും കാണാത്ത എന്നിലെ പടർന്നു പന്തലിച്ച ശിഖരങ്ങളും
ചൂരും ചൂടും ഞാനവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് !!!

*****


up
0
dowm

രചിച്ചത്:വിനോദ് കുമാർ
തീയതി:25-09-2019 07:12:20 PM
Added by :Vinod Kumar
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :