കലികാലം
അന്നമൂട്ടിയ മണ്ണിനെ നാം കൊന്നു തിന്നുന്നു
പെരുമ കാട്ടിയ പുഴകളെല്ലാം സ്‌മൃതികളാകുന്നു
മണ്ണിൽ പണിചെയ്തുള്ള കാലം കഥകളാകുന്നു
മണ്ണു വിറ്റവർ വിണ്ണിൽ ലോകം പണിതുയർത്തുന്നു
കുളിർമ്മയേകും കുഞ്ഞരുവികൾ കണ്ണ് പൂട്ടുന്നു
തണലു നൽകിയ മരമതെല്ലാം നിലം പൊത്തുന്നു
നന്മ ചൊല്ലിയ നാവുകൾ തൻ ഗതിമാറുന്നു
തിന്മ നിറയും നാളുകൾ തൻ വരവാകുന്നു
അമ്മപെങ്ങമ്മാർ തെരുവിൽ ഏകരാകുമ്പോൾ
കരിപുരണ്ട കരങ്ങളവരെ വേട്ടയാടുന്നു
നിറം ചേർത്ത് മാധ്യങ്ങൾ വാർത്ത വിതറുന്നു
ബോധമറ്റ തലമുറയത് ഏറ്റുപാടുന്നൂ
സത്യധർമം ഇരുളറയിൽ ചിതലരിക്കുമ്പോൾ
തിന്മ വിജയം പണം നൽകി സ്വന്തമാക്കുന്നു
അഴകേറും പൂക്കളെല്ലാം മായമാകുന്നു
കൊതിയൂറും പഴമതെല്ലാം വിഷം പേറുന്നു
സ്വാർത്ഥതകൾ കൊണ്ട് നമ്മൾ വേലി തീർക്കുന്നു
ലാഭചിന്തകളാകെ മണ്ണിൽ കേളി കൊട്ടുന്നു
നന്മയെന്നത് പുസ്തകത്തിൽ മാത്രമാകുന്നു
തിന്മ തന്നുടെ രൗദ്രഭാവം ബാക്കിയാകുന്നു
നന്മ വറ്റിയ വഴിയിൽ നാം ഏകരാകുമ്പോൾ
നന്മ തിരയാൻ ഈ ജന്മം ബാക്കിയാകുന്നു
രചന : വിഷ്ണു അടൂർ
Not connected : |