നന്ദിപൂര്‍വ്വം
അക്ഷയ സുന്ദരീ നിന്‍ മുന്നിലൊരു പ്രേമ -
ഭിക്ഷുവായ് ഞാനന്നു നിന്നു
അന്നാ കടമിഴിക്കോണിലായ്നീനോക്കി
എന്നെ പരിഹാസപൂര്‍വ്വം
അതുപോലുമന്നെന്റ്റെ തരളചിത്തത്തിന്നു
മധുവര്‍ഷമായ് ഞാന്‍ കരുതീ
അതിയായ സന്തോഷമകതാര്‍ നിറച്ചുനിര്‍-
വൃതിയില്‍ മയങ്ങി മയങ്ങി
ചാതകംപോല്‍ നില്‍ക്കുമെന്നെപ്പിരിഞ്ഞു നീ
ഏതോ കിനാവായ് മറഞ്ഞു
പിന്നേയുമെത്രദിനങ്ങളില്‍ ഞാന്‍ നിന്റ്റെ
പൊന്നുടല്‍ കാണാന്‍ കൊതിച്ചു
അരിമുല്ല മലരിന്റ്റെ ചേലൊത്ത നിന്റ്റെയാ
ചിരിയൊന്നു കാണാന്‍ കൊതിച്ചു
മനതാരില്‍ മൊട്ടിട്ട മധുരാനുഭൂതികള്‍
ഗാനമായ് ഞാനാലപിച്ചു
കേട്ടില്ല കേള്‍ക്കാന്‍ ശ്രമിച്ചില്ല നീയെന്റ്റെ
പാട്ടുകള്‍ ഒന്നുമേ പോലും
ഒരു നോക്കിനായ് നിന്റ്റെ ഒരു വാക്കിനായി ഞാന്‍
ഒരുപാടു നാള്‍ കാത്തിരുന്നു
എന്നിട്ടും വന്നില്ല നീ പിന്നെയെത്രയോ
പോന്നുഷസ്സന്ധ്യകള്‍ വന്നുപോയീ
കാലം കടന്നു പോയ് പിന്നെയും ഞാന്‍ നിന്റ്റെ
കാലൊച്ച കാതോര്‍ത്തിരുന്നു
ഇന്നു നീവന്നു പക്ഷേ സഖീയിന്നു ഞാന്‍
അന്നത്തെ ഞാനല്ല കേള്‍ക്കൂ
സുമസമ മോഹങ്ങള്‍ മാത്രം താലോലിച്ച
രമണന്റ്റെ പിന്മുറയാകാന്‍
ഞാനില്ല ഞാനെന്റ്റെ ചപല മോഹങ്ങള്‍ക്കു
ചാവറയെന്നേപണിഞ്ഞു
നന്ദി സഖീ അന്ന് നീയെന്നിലേകിയ
നവ്യ സ്വപ്നങ്ങള്‍ക്ക് നന്ദീ !
Not connected : |