ആര്‍ക്കും വേണ്ടാത്തവരുടെ അമ്മ
കല്‍ക്കത്തയെന്നൊരു ഖ്യാതിയിലുള്ളോരു
നഗരത്തില്‍ പണ്ടൊരു അമ്മ വന്നു
ആര്‍ഭാടജീവിതമാണവിടെങ്കിലും
അല്ലലിന്നലയാഴി കാണാമവിടെ
ഇരവിലും പകലിലും തെരുവിലായലയുന്ന
പതിതരില്‍ പതിതര്‍ ചെന്നെത്തുന്നിടം
അഗതിയെത്തേടിയലഞ്ഞയാ അമ്മയോ
കേട്ടതോ രോദനം ചേരികളില്‍
ആഴത്തിലുള്ളോരു മുറിവായ തേങ്ങലോ
ഹൃദയത്തിലമ്പായി തറച്ചുനിന്നു
സ്വാര്‍ത്ഥ മോഹങ്ങളെ താരാട്ടിനില്‍ക്കുന്ന
പാപികള്‍ വിഹരിക്കും നഗരിയിങ്കല്‍
ചാപല്യമാനസ സങ്കല്പ ലോകത്തില്‍
ശാപമായ്ത്തീര്‍ന്നൊരു മൂഡസ്വര്‍ഗം
നൈമിഷമാകുന്നോരൈഹിക നിര്‍വൃതി
എത്രയോ ജന്മത്തിന്‍ മുകുളമായി
ആരുമില്ലാത്തോരാ ജന്മ ദുഖത്തിന്റെ
ഭാരമിറക്കി അത്താണിയായി
ആര്‍ക്കും വേണ്ടാത്തൊരാകുഞ്ഞുമക്കളെ
പ്രതീക്ഷയില്‍ പ്രാണന്റെ ശക്തിനല്കി
അശരണരായൊരു കോടിജന്മങ്ങള്‍ക്ക്
ആശ്വസമായൊരു പുണ്ണ്യജന്മം
ഒരുജന്മം പോലും പഴായിപ്പോകരു-
തെന്നു ഹൃദയത്തിലാശിച്ചവള്‍
അഗതികള്‍ക്കാശ്വസമായി പിറന്നോരാ
അമ്മയ്ക്ക് നാമിന്നെന്തു നല്‍കി
ആലംബഹീനര്‍ക്ക് അത്താണിയായി നാം
അമ്മയോടുള്ള കടം നികത്താം
Not connected : |