പ്രണയത്തിന്റെ നാനാർത്ഥങ്ങൾ - പ്രണയകവിതകള്‍

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ 

എത്രയെത്ര കഥകൾ !
എണ്ണമറ്റ കവിതകൾ !
പ്രണയം കുളിരാണെന്നും
നിലാവാണെന്നും
പങ്കുവെക്കാഞ്ഞാൽ കനലാണെന്നും
പ്രണയത്തെപ്പറ്റിയറിഞ്ഞതൊക്കെ
പ്രണയിക്കാനുൾക്കരുത്തേകി !

പ്രണയമെനിക്ക്
ഊട്ടിയിലെയും കൊടൈക്കനാലിലെയും
നനുനനുത്ത മഞ്ഞുമഴപോലെ
കുത്തിക്കയറുന്ന കുളിരായിരുന്നു !
എത്രകുടിച്ചാലും മതിയാകാത്ത
ഒഴിയാത്ത മധുചഷകമായിരുന്നു !

വൈകിയാണതറിഞ്ഞത് !
അവൾക്കതൊരു ചൂണ്ടക്കാരന്റെ
പ്രാർത്ഥനയായിരുന്നെന്ന്
ഇരചലിപ്പിക്കുന്നതിലെ
വൈദഗ്ധ്യമായിരുന്നെന്ന്
അപ്പോഴേക്ക് ഞാൻ
തുപ്പിക്കളയാനാവാത്തവിധം
ഇരവിഴുങ്ങിയിരുന്നു.
പിന്നീട്, രക്ഷപെടാനുള്ള
വൃഥാ ശ്രമമായി പ്രണയം !

പോകെപ്പോകെ പ്രണയം
ഉള്ളിൽ കുത്തിവലിക്കുന്ന വേദനയായി.
അവൾ ചലിപ്പിക്കുന്ന ചൂണ്ടച്ചരടിലെ
നിശബ്ദമായ പിടച്ചിലായി !
എന്നെ അവളുമായി ബന്ധിക്കുന്ന
ചൂണ്ടച്ചരടായി എനിക്ക് പ്രണയം !
അത് പൊട്ടിവീഴാനുള്ള
കാത്തിരിപ്പായി പ്രണയം !

ഞാൻ പിടയുന്നതനുസരിച്ചു നീട്ടിത്തരാവുന്ന,
അതിരുവിടുമ്പോൾ വലിച്ചടുപ്പിക്കാവുന്ന
ബലമേറിയൊരു ചൂണ്ടച്ചരടായിരുന്നു
അവൾക്കും പ്രണയം !
അത് പൊട്ടിപ്പോകരുതേയെന്ന
ഹൃദയത്തിൽ തൊട്ട പ്രാർത്ഥനയായിരുന്നു
അവളുടെ പ്രണയം !

പിന്നെപ്പിന്നെ വെറും അനുസരണശീലം
മാത്രമായി എനിക്ക് പ്രണയം !
കൂടുതൽ അർഥങ്ങൾ വന്നുകൂടും മുമ്പേ
കളംവിടാനുള്ള ആഗ്രഹമായി പ്രണയം !

പെയ്തുതോർന്ന വർഷത്തിന്റെ ബാക്കിപത്രമായി
ചെറുകാറ്റിലിറ്റുവീഴാൻ കാത്തിരിക്കുന്ന
ഇലത്തുമ്പിലെ നീർക്കണമാണിന്നു പ്രണയം !


up
1
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 11:26:17 AM
Added by :C K Sudarsana Kumar
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :