അനന്തമജ്ഞാതം - തത്ത്വചിന്തകവിതകള്‍

അനന്തമജ്ഞാതം 

ഉഷഃസന്ധ്യയിലാരോ കൊളുത്തിവെയ്കുന്നേവം
ശരറാന്തലൊരു നാളുമേ മുടങ്ങാതെ
ആരാകാം മന്ദാനിലച്ചാമരങ്ങളിലിത്ര
ചന്ദനക്കുളിർ വാരിപ്പൂശിയ മനോഭാവൻ

ആരാണിപ്രപഞ്ചത്തെയീവിധം ശ്രുതിലയ
ബദ്ധമായ്ച്ചമച്ചതും, സാന്ധ്യതാരകങ്ങളെ
വ്യോമവീഥിയിൽ നീളെ വിതച്ചുവിരിച്ചതും
സൗരയൂഥത്തെക്കടിഞ്ഞാണിനാൽ തളച്ചതും !

ഏതാകാം പൂക്കൾക്കിത്ര ചന്തമേകിയ കരം
ഏതാകാം സുമങ്ങൾക്കു സുഗന്ധമേകും മതി.
എന്താകാം മരന്ദത്തിൽ മധുരം കിനിവതും
എന്താകാം പൂമ്പാറ്റകൾ പൂമ്പൊടി നുകർന്നതും

അംബരച്ചരുവിങ്കലന്തിക്കു പൊന്നമ്പിളി
ചന്ദനക്കിണ്ണം നിറെപ്പാൽചുരന്നതുമെന്തേ
ചന്ദ്രികപ്പാലിൻ പതനുരയോ തിരകളിൽ
തീരത്തെത്തഴുകുന്ന വെഞ്ചാമരങ്ങളോ

നീലവാനത്തിന്നറ്റമാഴിയിൽ വീണിട്ടാണോ
സാഗരമിത്രക്കിന്ദ്രനീലമായ് നൃത്തം വെയ്‌പ്പൂ
ആരാണീ സൃഷ്ടിസ്ഥിതിലയത്തിന്നമരത്ത്
നമ്രശീർഷനാകുന്നാ ചൈതന്യത്തിനുമുന്നിൽ .


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 11:33:07 AM
Added by :C K Sudarsana Kumar
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :