നിണം മണക്കുന്ന വഴികൾ - മലയാളകവിതകള്‍

നിണം മണക്കുന്ന വഴികൾ 


പറയാൻ തുനിഞ്ഞതെന്താവാം?
നിലവിളിക്കിടയിൽ കുഴഞ്ഞതെന്താവാം?
ഇരുളിന്റെ മറവിൽനിന്നാരോ ചുഴറ്റിയ
കൊടുവാള് ചീറിവീഴുമ്പോൾ;
കഴുത്തിലതു ചാട്ടുളിപോൽ പതിക്കുമ്പോൾ;
ചുടുചോര ചീറ്റുന്ന മുറിവുകളിൽ കൈചേർത്തു
പറയാൻ തുനിഞ്ഞതെന്താവാം?
ബലിദാനിയും രക്തസാക്ഷിയും പറയാതെ
പറയുന്ന കഥകളെന്താവാം?

പുലരുവാൻ വേണ്ടിയവർ പകലറുതി പണിചെയ്തു
പലവകകൾ വാങ്ങി അന്തിക്ക് തിരിയുമ്പോൾ
അവരുടെ വരവുകാത്തകലെയൊരു കൂരയിൽ
മിഴി വഴിയിൽ നട്ടുറങ്ങാതെയിരിക്കുന്ന
പ്രിയമുള്ളവർക്കെന്തു പറയുവാനുണ്ടാകും?

ജീവനവഴികളിൽ ചോരനീരാക്കുന്ന
സഹജീവിതങ്ങളെ മനുഷ്യത്വമില്ലാത്ത
വകതിരിവ് തെല്ലുമില്ലാതെയതിരാത്രിയിൽ
കൊല്ലുവാൻ, കൊല്ലിക്കുവാൻ തുനിഞ്ഞെത്തുന്ന
ക്രൂരജൻമ്മങ്ങൾക്കെന്തു പറയുവാനുണ്ട്?

ഗതിയറ്റുപോകുന്ന ബാല്യങ്ങളോട്;
അശരണരാകുന്ന വൈധവ്യത്തോട്;
കണ്ണിലെ കനൽകെടും വാര്ധക്യത്തോട്
കണ്ണീരുണങ്ങാത്ത പ്രിയജനതയോട്
ക്രൂരജൻമ്മങ്ങൾക്കെന്തു പറയുവാനുണ്ട്?

ഏതുമഹാസരിത്തിൽ മുങ്ങിനൂർന്നാൽ
നിങ്ങളുടെ പാപക്കറ കഴുകിമാറ്റാനാവും?
ഇനിയെത്ര ന്യായീകരണങ്ങൾ നിരത്തിയാൽ
നിങ്ങളുടെ ശിരസ്സേറ്റ ശാപങ്ങളൊഴിയും?

രക്തം മണക്കുന്ന നാട്ടിടവഴികളിൽ
പിച്ചവെച്ചൊരു പുതിയ ജനതയിവിടുണരും
നിണമണമൊരുക്കിയ പിതൃഘാതകർക്കായ്
കഴുമരമവർതന്നെ കൊണ്ടുവന്നീടും
അതിലവർ നിങ്ങളെ തൂക്കിലേറ്റുന്നനാൾ
നിങ്ങളും ചരിതത്തിലെഴുതപ്പെടും

"നിണമുണ്ട് കോൾമയിർ കൊണ്ടവരിവർ
മനുജത്വമില്ലാത്ത മനുജരൂപർ
സഹജീവിതങ്ങളെ കൊടുവാളിനാൽവെട്ടി
ഉത്സവമാടി തിമിർത്തോരിവർ"


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:22-03-2020 02:59:12 PM
Added by :C K Sudarsana Kumar
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :