പുതുവർഷം - മലയാളകവിതകള്‍

പുതുവർഷം 



വർഷം കഴിഞ്ഞൊഴുകുന്ന നീർച്ചാലുപോൽ
വർഷങ്ങളോരൊന്നൊഴിഞ്ഞുപോയീടവേ
വർണ്ണച്ചിറകു വിരിച്ചണയുന്നിതാ
വർണ്ണശലഭങ്ങൾ പോലെ പുതുവർഷം

പൂവിന്റെ ഗന്ധം കവർന്നു മന്ദാനിലൻ
പോകുന്ന നേരത്തിതൾ കൊഴിയുംപോലെ
പോകുന്നു നമ്മളും പോയവർഷത്തിന്റെ
പേലവമോർമ്മ കവർന്നുകൊണ്ടിന്നിതാ

പാകുന്നിഴകളാ ഓർമ്മകൾ മുന്നോട്ടു
പോകാൻ കരുത്തായി കൂട്ടായി നമ്മളിൽ
പോയവർഷത്തെ മറന്നുപോമെപ്പോഴും
പുത്തനെത്തേടുന്ന മർത്യരല്ലോ നമ്മൾ!

പൂവിടും മൊട്ടിനെപ്പോലെ പുതുവർഷം
പുൽക്കൊടിത്തുമ്പിലെ സൂര്യോദയമായി
സൗഗന്ധികപ്പൂക്കളായ് നവസ്വപ്നമായ്
ഇന്ദ്രധനുസ്സ് എന്നപോലുണർന്നീടട്ടെ !


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:22-03-2020 03:00:49 PM
Added by :C K Sudarsana Kumar
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :