ജന്മനക്ഷത്രം
പേരിൽ ഞാനിന്നും കുമാരനാണെങ്കിലും
പോരിൽ വയസ്സനായ്ത്തീർന്നതറിയുന്നൂ
പാരിൽ പിറന്നിട്ടിതമ്പത്തിയഞ്ചാണ്ട്
പാറിപ്പറന്നുപോയ് പാവകവേഗത്തിൽ
നാലഞ്ചുകൊല്ലങ്ങൾ ഉണ്ണിയായ് പോയതിൻ
നല്ലോർമ്മകൾ ബാക്കി തെല്ലുമേയില്ലല്ലോ
ബാല്യകാലത്തെ പഠന ചരിത്രങ്ങൾ
ബാക്കിപത്രത്തിലെഴുതിവെച്ചില്ലല്ലോ
ഓർത്തുനോക്കുമ്പോൾ ഒരോണവെയിലുപോൽ
ഓർമ്മയിലുണ്ട് കൗമാരവും, തീക്ഷ്ണമായ്
ഓടിക്കിതച്ച യുവത്വവും, ഓളങ്ങൾ
ഓടിവള്ളത്തിൽ മുറിച്ച ഗാർഹസ്ഥ്യവും
മധ്യവയസ്സിൻ വെയിലേറ്റു വാടിയ
മന്ദാരപുഷ്പങ്ങളാകുന്നൊരോർമ്മകൾ
മന്ദസ്മിതങ്ങളിൽ നോവൊളിപ്പിക്കുന്ന
മന്ത്രസൂത്രങ്ങളായ് മന്ത്രിച്ചിരിക്കുന്നു.
കാലമൊരഞ്ചു പതിറ്റാണ്ടു പിന്നിട്ടു
കാത്തിരിപ്പാണിന്നുമെന്തിനോവേണ്ടി ഞാൻ
കാത്തിരിക്കാനായ് പ്രതീക്ഷകളില്ലെങ്കിൽ
കാഞ്ഞ നെരിപ്പോടുപോലെയാം മാനസം
കാലത്തുണർന്നിന്നു കോവിലിൽ പോയതും
കാത്തകാലത്തിനായ് പ്രാർത്ഥനക്കായല്ലോ
ജന്മനക്ഷത്രപ്പുലർകാലമല്ലയോ
ലോകാഃ സമസ്താഃ സുഖിനോ ഭാവന്തൂ.
Not connected : |