പ്രളയം - തത്ത്വചിന്തകവിതകള്‍

പ്രളയം 

പുഴയൊഴുകുന്ന ദേശമാണെന്റെ പ്രിയകരമായ ജന്മദേശം
പുഴ തഴുകുന്ന തീരങ്ങളാണെന്റെ പ്രിയതയേറിയ ഗ്രാമഭൂമി
ഇരുളിലിന്നലെ അവളിരമ്പിയെൻ ഹരിതഭൂമിയിലെല്ലാം
പ്രളയ ശാപത്തിൻ ദുരിതം വിതച്ചു കര കവർന്നവൾ പാഞ്ഞൂ

ശ്രുതി നിബദ്ധമായ് ജതികൾ ചൊല്ലിക്കൊണ്ടവളൊഴുകിയ ദിനങ്ങളിൽ
അവളുടെ നനവാർന്നോരംഗത്തിൽ കുളിരുമുണ്ടു മയങ്ങവേ
കളകളാരവം മനസ്സിൽ മായികാ വിപഞ്ചിയായ് കവിത മൂളിയോ
കുളിരലക്കാറ്റിൻ കരങ്ങളാൽ അവൾ പതിയെ വന്നെന്നെ തഴുകിയോ?

വിഹഗമേഘങ്ങൾ പറന്നു നീങ്ങുന്ന ഗഗനവീഥിയിൽ മിഴിയലഞ്ഞപ്പോൾ
ചെറുനിലാച്ചിരി പൊഴിച്ചു ദൂരത്തായുയർന്നു നിൽക്കുന്നൂ വസന്തപൂർണിമ
ഇടക്കിടക്കെത്തി ഒളിച്ചുനോക്കുന്ന ചെറുചിരാതുകൾ കണക്കെ താരങ്ങൾ
മണൽപ്പരപ്പാകും മൃദുലശയ്യയിൽ ദിനങ്ങൾ രാത്രങ്ങൾ കിടന്നതെത്ര ഞാൻ!

ഇരുൾമറപറ്റി നിശബ്ദപാദരായ് ചുരപറിക്കുവാൻ കടന്നുവന്നവർ
നദിതൻ മാറിടം തുരന്നു കൊണ്ടുപോയ് കരയിൽ മാളിക പണിഞ്ഞുയർത്തുമ്പോൾ
മമസഹോദരർ കവർന്നെടുത്തൊരാ നദിതൻ വക്ഷസിൽ നിണമൊഴുകുമ്പോൾ
ഒരക്ഷരം മിണ്ടാതതിന്നു സാക്ഷിയായ് അലസനായ് താടി തഴുകി നിന്നുഞാൻ !!

ദുര, നെറികെട്ട ദുരമുഴുത്തവർ നദിയിൽ നീളത്തിൽ അണകൾ തീർക്കുമ്പോൾ
നിനക്ക് ദാഹനീർ പകർന്നുതന്നതാം മല തുരന്നു നിന്നകിടു മൂടുമ്പോൾ
പ്രണയഗീതികൾ മനസ്സിൽ മൂളി ഞാൻ എവിടെയോ ചുറ്റി തിരിഞ്ഞതോർക്കുന്നു.
ഒരുചെറുമാത്ര നിനക്കുവേണ്ടിയെൻ കവന തൂലിക എഴുതിയില്ലൊന്നും!

ക്ഷമ നിനക്കുണ്ട് ധരയോളം; പക്ഷേ ധരിത്രിക്കുമതിന്നതിരുണ്ടാമല്ലോ!
പുഴ കറുത്തപ്പോഴറിഞ്ഞതില്ല ഞാൻ ഇതു പുഴയ്ക്കുള്ള പകയാണെന്നതും
പ്രളയമാരിയായ് ഉറഞ്ഞു തുള്ളി നീ തിരിച്ചെടുത്തതാം പുഴയോരങ്ങളിൽ
ഹൃദിനുറുങ്ങുന്ന വിലാപ ശബ്ദങ്ങൾ പ്രതിധ്വനിക്കുന്നൂ ദിഗന്തരങ്ങളിൽ

ഇനി നമുക്കെന്നു മനസ്സിലാകുമോ പ്രകൃതിധ്വംസന പ്രതിഫലങ്ങളെ
ഇനിയ സ്വർഗ്ഗങ്ങൾ പടുത്തുയർത്തുമ്പോൾ ചരിതമാവർത്തി ചിരം നടത്തുമോ?
ഇനി വരുന്നതാം തലമുറയ്ക്ക് നാം പുഴയെ, ഭൂമിയെ കരുതിവെക്കുമോ?
ഇനിയൊരിക്കലും പ്രതികരിക്കാതെ സുഷുപ്തി പൂകുമോ മനുഷ്യർ ഈ നാട്ടിൽ?

കരയുകയാണ് മലയാളം ; നമ്മൾ കരഞ്ഞു തീർക്കണം കൊടിയ പാപങ്ങൾ
കരയണം നമ്മൾ കരഞ്ഞു മായ്ക്കണം ദുരയെഴും സ്വാർത്ഥ പതിതചിന്തകൾ
കരയ്ക്കണയുവാനുഴറുമ്പോൾ നമ്മൾ കരുതിവെക്കണം ചരിത്രമൊക്കെയും
കരയ്ക്കണഞ്ഞെന്നാൽ കരുതൽവേണമീ പുഴയും ഭൂമിയും തിരിഞ്ഞുകൊത്താതെ..


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:23-03-2020 10:44:29 AM
Added by :C K Sudarsana Kumar
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :