രാമായണക്കാഴ്ച്ചകള്‍  - തത്ത്വചിന്തകവിതകള്‍

രാമായണക്കാഴ്ച്ചകള്‍  

“എന്നെ വരിക്കുമോ രാമ, ഞനങ്ങേക്കി-
തെന്നാളുമ,പ്പാദ പൂജക്കണഞ്ഞിടാം
കന്യ ഞാന്‍ രാവണ സോദരി; വന്യമാം
കാട്ടില്‍നിനക്കിഷ്ടതോഴിയായ് വാണിടാം”

സ്തബ്ധയായ് മൈഥിലി, ഞെട്ടിത്തരിച്ചുപോയ്
ക്ഷുബ്ധ സൌന്ദര്യത്തിടമ്പായിതാരു നീ ?
മുദ്ഗധ രാഗാ‍ദ്രം വിലോലമിക്കാടിന്റെ
ശബ്ദമോ ശാരികേ നീയോ നിശാചാരി?
നീള്‍മിഴിത്തല്ലാല്‍ വലച്ചിടൊല്ല, മമ
രാമനില്‍ രാഗം നിറച്ചിടൊ,ല്ലപ്പാദ
ധൂളികള്‍ തീര്‍ത്തുമെനിക്കു സ്വന്തം, കാട്ടു-
മുള്ളു നീ‍, കീറിമുറിക്കുമെന്‍ നാഥനെ!

“ഇല്ല മനോഹരീ, ഞാനിവള്‍ ജാനകി-
ക്കെല്ലാം ! നിനക്കു ശരിക്കൊരാള്‍ ചേര്‍ന്നിടും
ചെല്ലു നീ ചോദിച്ചു നോക്കുക, ലക്ഷ്മണന്‍
കല്ലല്ല! കാട്ടില്ക്കഴിക്കുന്നു ജീവിതം.
നിന്നെ പ്പരിഗ്രഹിച്ചീടുകില്‍ നിര്‍ണ്ണയം
നന്നു, ശ്രീ തിങ്ങും പരസ്പരം നിങ്ങളില്‍
നാള്‍ക്കു നാള്‍ സംഗം വളര്‍ത്തി സൌമിത്രിയും
ചേര്‍ക്കും സുഖം നിന്നിലേറ്റം ശ്രമിക്കെടോ!”

ഏറ്റം ശ്രമിച്ചവള്‍ ,ശേഷന്‍ കനിഞ്ഞില്ല
ജ്യേഷ്ഠനെത്തന്നെ വരിക്കാന്‍ പറഞ്ഞവന്‍
കാറ്റത്തലഞ്ഞെഴും തൂവലായ് തന്വിയാള്‍
ചെറ്റു ദുഃഖം പൂണ്ടു രാമപാദങ്ങളില്‍
വീണും കരഞ്ഞും തപിച്ചും മൊഴിഞ്ഞുപോല്‍
“എന്നെപ്പരിഗ്രഹിച്ചീടുക രാമ നീ”

“കന്യ, നീ കേള്‍ക്കുക,എന്നിലായ് ചേരുന്ന
പെണ്ണിവള്‍ സീത, സൌമിത്രിയോ,യേകനാം.
പെണ്ണി,നൊരാണതു നിര്‍ണ്ണയം ചെന്നു നീ
തിണ്ണമപേക്ഷിച്ചു വാങ്ങുക ഇംഗിതം”

ഇങ്ങനെ പന്തു തട്ടീടുവാന്‍ ഹന്തയീ-
തന്വിയാളെന്തു കുറ്റം രാമ, ചെയ്തുവോ?
ജാനകി വേദനയോടെ വിനമ്രമായ്
മൂകം വരച്ചിട്ട രാമചിത്രങ്ങളില്‍
പേര്‍ത്തും നിറം ചേര്‍ത്തുടച്ചു വാര്‍ക്കുന്നുവോ?
ആര്‍ക്കറിയാം കഥ,യാദികവീ മതം

“എന്റെ പ്രമം നീ തിരസ്കരിച്ചോ രാമ,
കണ്ടിടട്ടേ നിന്റെ പ്രേയസ്സി സീതയേ”
രൌദ്രഭാവം പൂണ്ട ശൂര്‍പ്പണഖ ദ്രുതം
സാദ്ധ്വിയാം സീത തന്‍ നേര്‍ക്കടുത്തീടവേ
സൌമിത്രി ശീര്‍ഘം കുതിച്ചു പാഞ്ഞെത്തി തന്‍
ഖഡ്ഗം വലിച്ചൂരി വെട്ടിയരിഞ്ഞുപോല്‍
അംഗനാ സൌഭഗം, മൂക്കും മുലകളും
മണ്ണില്‍ രക്താഭം പതിച്ചുവന്നാദ്യമായ്.

പണ്ടേ വരച്ചിട്ട ചിത്രങ്ങള്‍ തന്നെയാ-
ണിന്നും വരക്കുന്നു കാലം യഥോചിതം
‘പ്രേമിച്ചതിന്നൊത്ത ശിക്ഷ നല്‍കീടുക’
രാമ മന്ത്രം മണ്ണിലാണ്ടുറങ്ങുന്നുവോ?


പാരായണം ചെയ്ക രാമയാണം മഹാ-
നാചാര്യനേയും സ്മരിക്കണം സന്തതം


up
0
dowm

രചിച്ചത്:ഷാജി നായരമ്പലം
തീയതി:09-12-2010 04:46:00 PM
Added by :prakash
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :