വിതച്ചത് കൊയ്യുന്ന കാലം
സൂര്യനും ചന്ദ്രനും
ഈ ജീവലോകവും കയ്ക്കുള്ളിലാണെന്ന -
ഹന്തയോടെ
മണ്ണിന്നടിയിലും
വിണ്ണിന്നടിയിലും
ആകാശസീമക്കപ്പുറവും
സാമ്രാജ്യം തീർത്ത നീ
മണ്ണിനെ മറന്ന മന്നവൻ നീ
വാളെടുത്തലറിയിട്ടർത്ഥമില്ല
വാചക കസർത്തിലും കാര്യമില്ല
അണുബോംബു കയ്യിലുണ്ടെന്ന
ഹന്തയോടെ വല്യേട്ട ഭാവം പേറിടേണ്ട
സമ്പത്ത് ഏറെ ഉണ്ടെൻ്റെ കയ്യിൽ
എന്ന വമ്പത്തം വിളമ്പി നടക്കവേണ്ട
മണിച്ചിത്ര പൂട്ടാലലങ്കരിച്ച
പടിപ്പുര വാതിൽ
പൂട്ടി അകത്തിരിക്കും
മണ്ണിൽ പിച്ച നടന്നു പഠിച്ച മന്നവാ മണ്ണിൽ ഒന്നിറങ്ങി നോക്കൂ.
കാണേണ്ട കാഴ്ചകൾ
കണ്ടിട്ടും കാണാത്ത പോലെ
നടന്നതല്ലേ.
പുറം കാഴ്ച കാണാതെ കൊട്ടിയടച്ച നിൻ മനക്കണ്ണ് മെല്ലെ തുറന്ന് നോക്കൂ.
മണ്ണില്ല മണ്ണറിവൊട്ടുമില്ല
നീരില്ല തെളിനീരുറവയില്ല
വിണ്ണില്ല വെള്ളിമേഘങ്ങളില്ല
വയലില്ല വരിനെല്ലുപോലുമില്ല
ചാലില്ല പൂഞ്ചോലയില്ല
തോടില്ല പരൽ മീനുമില്ല
ആറില്ല ആറ്റുവഞ്ചിയില്ല
പുല്ലില്ല പുൽമേടുമില്ല
ചേറില്ല ചേറ്റുമീനുമില്ല
തെങ്ങില്ല തലപ്പിൻതണലുമില്ല
കണ്ണുണ്ട് കണ്ണടയുണ്ട് കയ്യിൽ
കാണണ്ട കാഴ്ചകൾ
മാത്രമില്ല
പുറം കാഴ്ച കാണാതെ കൊട്ടിയടച്ച നിൻ മനക്കണ്ണ് തെല്ലൊന്നുതുറന്ന് നോക്കൂ
അരികത്തെ അയലത്തെ
സഹജനെ കാണാത്ത
കണ്ണുകൾ
ഒന്നു തുറന്നു നോക്കൂ
കണ്ണിൽ പിടിക്കാത്ത ധൂളി പോലുള്ള അണുവിൻ്റെ
മുമ്പിൽ പതറിടുന്നു
കോവിഡിൻ പോർവിളി പെരുമ്പറയായ് കാതിൽ മുഴങ്ങിടുന്നു
പടിവാതിൽ പൂട്ടി
കരുതലിൽ കാവലിൽ
സുരക്ഷിത അകലം പാലിച്ചിരിക്കുന്ന
മാനവ നീ അറിയണം നീ വെറും താമസക്കാരനാണെന്ന കാര്യം
വാടകക്കാരനെന്ന വാക്യം
എല്ലാം ഒരിക്കൽ തിരികെ ഏൽപ്പിക്കണം
ഒന്നും ഉടക്കാതെ അധിവ്യയം ചെയ്യാതെ
തിരികെ കൊടുത്തു വെറും കയ്യാൽ മടങ്ങിടേണം
ഒറ്റപ്പെടലിൽ നോവു വേണ്ട
ഒറ്റക്കാണെന്ന തോന്നൽ വേണ്ട
ഒറ്റക്കെട്ടാണ് നമ്മളെന്ന്
ഒരുവട്ടം കൂടി പ്രതിജ്ഞ ചെയ്യാം
ഒരു മനസ്സോടെ, ഒരുമയോടെ
ഉടയവേശ്ച അറിഞ്ഞമരാം
ഉള്ള് തുറന്നു ഉരുക്കഴിക്കാം
സഹലോകജീവികൾക്ക് നന്മയേകാൻ
ഇഹലോകനാഥൻ്റെ കരുണ തേടാം
ലോകാ സമസ്താ സുഖിനോ ഭവന്തൂ
ശ്യാം
Not connected : |