സര്‍വ്വകക്ഷിയോഗം
പ്രജകള്‍ക്ക് കൊട്ടാരം നല്‍കി
രാജാവ് പടിയിറങ്ങി !
"ഇത് നിങ്ങളുടെതാണ് ;നിങ്ങളുടെതാണ് "
ആള്‍ക്കൂട്ടങ്ങളെ നോക്കി
നീതിപീഠങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞു .
റേഷന്‍കടയുടെ മുന്നില്‍ കാത്തുനിന്നവര്‍ക്കും
കരിക്കാടി കുടിച്ചവര്‍ക്കും
അതുകേട്ട് മോഹാലസ്യം ഉണ്ടായി !!
അങ്ങനെയിരിക്കെയാണ് മുതലാളി വരുന്നത് .
മുതലാളി നാടിന്റെ വിളക്കായി തീര്‍ന്നു .
കണ്ണടച്ച് തുറക്കും മുന്പ് കണ്ണിലുണ്ണിയായവന്‍ !
സാധുജനപാലകനായ മുതലാളിയുടെ അഭയവാണികള്‍
പ്രത്യയശാസ്ത്രങ്ങളെ പുളകം കൊള്ളിച്ചു !!
മുതലാളിയുടെ സപ്രമഞ്ചങ്ങളില്‍
കുഞ്ഞുങ്ങളെ കിടത്തിയുറക്കി
സമരനായകര്‍ സ്തുതിപാടി .
കാക്കപ്പൊന്ന് നല്‍കി ,കനകസൗധങ്ങള്‍ കെട്ടി
മുതലാളി ആകാശങ്ങള്‍ കീഴടക്കി !
സര്‍വ്വസൈന്യാധിപരും മന്ത്രിപുംഗവന്മാരും
ചാമരം വീശിയിട്ടും
പത്മശ്രീമുതലാളിക്ക് ഉറക്കം വന്നില്ല .
രാജാവിന്റെ കൊട്ടാരം വേണം !
അങ്ങനെയാണ് സര്‍വ്വകക്ഷിയോഗം വിളിക്കപ്പെട്ടത് .!
(രജീഷ് പാലവിള /15-11-2012)
Not connected : |