കെട്ടുകഥ നാട്ടുകാരെ - മലയാളകവിതകള്‍

കെട്ടുകഥ നാട്ടുകാരെ 

നെറ്റിയിൽ പൊട്ടും തൊട്ട്
പച്ചപട്ട് പാവാട ചുറ്റി
ഉച്ചി വകഞ്ഞു വച്ച്
പിച്ചിപ്പൂ വച്ച പെണ്ണ്
ഉച്ച വെയിൽ നേരത്ത്
പച്ച മല തോപ്പിനുള്ളിൽ
തേനെടുക്കാൻ പോയെന്ന്
തേനെടുത്ത നേരത്ത്
തേനീച്ച കുത്തി എന്ന്
തേനീച്ച കുത്തിയത്
ന്യായമല്ലേ നാട്ടുകാരെ

പാവാട ചുരുട്ടി വച്ച്
കുട്ടി കുരങ്ങു പോലെ
മാംകൊമ്പിൽ തൂങ്ങി
പച്ച മാങ്ങ പൊട്ടിച്ചെന്ന്
പച്ച മാങ്ങ പൊട്ടിച്ചപ്പോൾ
കൊമ്പ് പൊട്ടി താഴെ വീണു
കൊമ്പ് പൊട്ടി വീണത്
കുറ്റമാണോ നാട്ടു കാരെ

മീനമാസ ചൂടിൽ
വറ്റി വരണ്ട തോട്ടിൽ
മീൻ പിടിക്കാൻ പോയെന്ന്
കണ്ട പൊത്തിൽ തപ്പിയപ്പോൾ
കാരി കയ്യിൽ കുത്തി
കാരി കയ്യിൽ കുത്തിയത്
കുറ്റമാണോ നാട്ടുകാരെ

കണ്ണടച്ചു ഞാനിതൊന്നും
കാണുന്നില്ല നാട്ടുകാരെ
കാതടച്ചു ഞാനിതൊന്നും
കേൾക്കുന്നില്ല നാട്ടുകാരെ
വായടച്ചു ഞാനിതൊന്നും
ചൊല്ലുന്നില്ല നാട്ടുകാരെ

കേട്ടതൊന്നും നേരല്ല
കേട്ടതെല്ലാം കെട്ടുകഥ
അത്രയും കെട്ടുകഥ
വെറും കെട്ടുകഥ നാട്ടുകാരെ


up
1
dowm

രചിച്ചത്:Padmanabhan Sekher
തീയതി:19-07-2020 07:10:46 PM
Added by :Padmanabhan Sekher
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :