താര - മലയാളകവിതകള്‍

താര 


താര-മായയിലും ചതിയിലും അകപ്പെട്ട് ജീവിതത്തിൻ്റെ തുലനം മറന്നവൾ, ബാലിപത്നി. രാമബാണം ബാലിയെ വീഴ്ത്തിയപ്പോൾ അവൾ ഒരിക്കൽക്കൂടി വധിക്കപ്പെട്ടിരിക്കുന്നു.)


താരയാണു ഞാൻ, ആരെൻ്റ പതിയുടെ
രൂപഭാവങ്ങൾ വേറിട്ടു ചൊല്ലിടും?

മാംസമാണു ഞാൻ, വിഷക്കുത്തു ചാലിച്ചു
രാവിറക്കത്തിൽ പുളിച്ചുതേട്ടും മാംസം.
ചോരയല്ലെൻ്റെ സിരകളിൽ ചല-
മൊലിച്ചിടുന്ന പോൽ വിറയലാണെങ്ങും.

അസുരവേഗത്തിൻ ഗുഹാമുഖങ്ങളില-
ന്നുറഞ്ഞ മായതൻ രുധിരഭാവന
കഴിച്ചു തീർത്തതെൻ നിറുകയിലഗ്നി
സാക്ഷിയായ് ചാർത്തിയ രാഗരേണുക്കളെ.

കിതച്ചു പോയി ഞാ,നനുക്ഷണം
മനസ്സൊഴിച്ചു വെക്കുവാൻ
തികഞ്ഞ പാത്രങ്ങൾ കഴിഞ്ഞു പോ-
യുള്ളിൽ വരണ്ടു പോയ് സ്നേഹം.
പൊഴിഞ്ഞു പോയ് കനി,ത്തിളക്കമത്രയും
നിഴൽ കരുതിയോ,രിലകൾ പോലു-
മൊന്നൊഴിഞ്ഞ ചില്ലകൾ വിയർത്തു നിൽക്കുന്നു,
വെയിലരിക്കുന്നെൻ്റെ മഞ്ഞളിച്ച കാഴ്ച്ചയിൽ.

താരയാണു ഞാൻ, നല്ലിരിക്കുമ്പോഴും
ദീനമേറ്റുന്ന വാതകോപത്തിൻ മുഖം.
ഏതു സൂര്യൻ്റെ സ്ഫുരണമേൽക്കുവാൻ
ഞൊറിയൊതുക്കണം പാതിവ്രത്യത്തിൻ
ചകിരിയാൽ തീർത്ത മറവിരികളെ.


up
0
dowm

രചിച്ചത്:ഉണ്ണി പരുതൂർ
തീയതി:02-04-2021 10:57:29 AM
Added by :Unni Paruthoor
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :