ഓർമ്മകൾ വിൽപ്പനയ്ക്ക് - തത്ത്വചിന്തകവിതകള്‍

ഓർമ്മകൾ വിൽപ്പനയ്ക്ക് 

ഓർമ്മകൾ വിൽപ്പനയ്ക്ക്

പഴയവണ്ടി വിൽക്കുമ്പോൾ
നാം ഓർമ്മകൾക്കു വില പറയുന്നു
പഴയവണ്ടിയിലായിരുന്നു
നമ്മുടെ വിഷുവും തിരുവോണവും
ആദ്യ ജന്മത്തിൻ മധുരവും
ആവണിഅവിട്ടവും
ആതിരപ്പൂനിലാവും
പഴയവണ്ടി വിൽക്കുമ്പോൾ
ജന്മദിനവുമുത്സവവും
ആണ്ടുബലിയും ചോറൂണും
കല്യാണദിനങ്ങളും വീടുമാറ്റവും
വിദ്യാരംഭവും വേനൽദിനങ്ങളും
വേദനയോടെ വിട്ടു പോകുന്നു
പഴയവണ്ടിയിലായിരുന്നു
നമ്മുടെ പ്രണയകാലം
ഉന്മാദസന്ധ്യകൾ ,കടലിരമ്പം
പഴയവണ്ടിയോടുമ്പോൾ
നമ്മുടെ ഭൂതകാലത്തിനു
ചിറകു വച്ച പോലെ
ഓർമ്മകൾ പോലെ പഴയവണ്ടി
പഴയവണ്ടിയിൽപ്പായവേ
പ്രണയകാലവും ബാല്യവും
കൂടെ മത്സരിച്ചോടുന്നു
നമുക്കു മുന്നേ പറന്ന ചെമ്പകപ്പൂക്കൾ
നാം മത്സരിച്ചോടിപ്പിടിക്കവേ
നാം താണ്ടിയ ദൂരങ്ങൾ
സങ്കടച്ചിമിഴുപൊട്ടിയ നേരങ്ങൾ
പഴയ വണ്ടിയിലായിരുന്നു
നമ്മുടെ മകൻ്റെ ജന്മദിനം
മകളുടെ പിച്ച നടത്തം
പഴയചിത്രങ്ങൾ,സെൽഫി
നമുക്കു നമ്മെ നഷ്ടപ്പെട്ട നാൾ
നമ്മുടെ കണ്ണീരൊഴുകിക്കുറുകിയ നാൾ
നമ്മുടെ ദുഖങ്ങൾ നമ്മൾ
മാത്രമറിഞ്ഞ നാളുകൾ
നമ്മളാരുമില്ലാതൊറ്റയായ നാളുകൾ
ആ നേരത്തു കൂട്ടായ്
എന്നോടൊപ്പം വന്നൊരാൾ
എന്റെ സമയത്തെയോടിച്ചെറുതാക്കി
എന്നോടൊപ്പം പുകതുപ്പിക്കിതച്ചൂ
ഇന്നോടുവയ്യെനിക്കും നിനക്കും
വിൽക്കുവാൻ
വച്ചിരിക്കയാണോർമ്മകൾ
വിലയില്ലാതായൊരോർമ്മകൾ

കവിത എഴുതിയത് - ജയരാജ് മറവൂർ


up
1
dowm

രചിച്ചത്:
തീയതി:09-05-2021 08:39:27 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :