ഒരല്പമകലം
കൊടിയൊരീ വിപത്തിനെ ചെറുക്കുവാൻ
തമ്മിലൊരല്പമകലമേ ഇരന്നിടുന്നുള്ളൂയീ ഭൂമി
നിദ്രയിൽ പോലുമതു നന്നേ ഗ്രഹിക്കുവാൻ
നമ്മിലാവോളം ജ്ഞാനവും തന്നു കാലവും
മൂകസാക്ഷികളാകുമെത്ര ചുടലഭൂമികകളിൽ
അഗ്നിനാളങ്ങൾ ചടുലനൃത്ത മാടവേയാ ദ്യൂതി
ഏതോ വിദൂര താരകയെയെന്നപോൽ
അലസമായി കണ്ടു പോകുന്നുവോ നാം
പല്ലും നഖങ്ങളും ആംഗ്യവിക്ഷേപങ്ങൾ
തൊട്ടിന്നോളം പയറ്റിയ സർവ്വായുധങ്ങളും
നിഷ്ഫലമെന്നു സമസ്ത ശാസ്ത്രങ്ങളും
എന്നേ പറഞ്ഞു കയ്യൊഴിഞ്ഞയ്യോ വിധി
ഒരു മതിലിനപ്പുറം വിലാപധ്വനികൾ
എണ്ണിത്തികക്കുവാനാകാത്ത നാൾ ദൂരെയല്ല
കേൾക്കാത്ത ശബ്ദത്തിൽ നിന്നു വേണമന്നു
ആരൊഴിഞ്ഞെന്നുപോലും ഗണിച്ചീടുവാൻ
കയ്യെത്തും ദൂരത്തു വിരലഗ്രേ തൂങ്ങുവാൻ
ആർത്തിമൂത്തതേ മൃതി ഉണ്ടെന്നറിയുക
കീശയിലേക്കതേ കൈകൾ കടത്തീടും മുമ്പേ
കാര്യം കഴിഞ്ഞത് പോയിട്ടുമുണ്ടാകാം
ഉത്സവം വാദ്യമേളങ്ങൾ വീണ്ടുമെത്തണം
ഏറ്റമുൽസുകരായി നാം വീണ്ടുമൊത്തു കൂടണം
അമ്മമാർ പൈതങ്ങൾ കൈപിടിച്ചു താതൻമാർ
ഇന്നുള്ളോരെല്ലാരും അന്ന് കൂട്ടിനുണ്ടാകണം
ഇതളെഴും നാളെകൾക്കു നറുചിരികളേകാൻ
വേണം ബാല്യകൗമാരങ്ങളിവിടെ
കുതിച്ചു സ്വപ്നത്തിൻ നെറുകയിൽ
തൊടുവാൻ യുവത്വവും സന്നാഹങ്ങളും
ക്ഷമയോടിരിക്കാമോരൽപ്പകാലം എന്നും
കാണുവാൻ തെല്ലൊന്നു കാണാതിരിക്കാം
അന്യോന്യ സ്നേഹമത് നിർവ്യാജമെങ്കിൽ
കാതവും കാലവും ചേർത്ത് നിർത്തിടും
Not connected : |