ഓരോ വീടും ഓരോ രാഷ്ട്രമാണ് - മലയാളകവിതകള്‍

ഓരോ വീടും ഓരോ രാഷ്ട്രമാണ് 

ഓരോ വീടും ഓരോ രാഷ്ട്രമാണ് (കവിത)


കോടമഞ്ഞിന്റെ തണുപ്പിലും
പുഞ്ചിരിച്ച് വിടരുന്ന പൂക്കളുണ്ടായിരുന്നു
അന്ന് നമുക്ക് അതിരുകളില്ലായിരുന്നു
നാം അതിലെ നീഹാരാർദ്രസൂനദലങ്ങളിൽ
ചുംബിക്കുകയും നവ്യരസമാം
പുതുമഞ്ഞുതുള്ളി നുകരുകയും ചെയ്തിരുന്നു
പുതിയ വിത്തുകൾ നീ എനിക്കും
ഞാൻ നിനക്കും തന്നുകൊണ്ടിരുന്നു
എൻ്റെ വീട്ടിൽ ഡാലിയ പൂക്കുമ്പോൾ
കണ്ണുകളിൽ വെളിച്ചവുമായി
നീയരികേ വന്നിരുന്നു
അരികേ നാട്ടുമാവ്
നിറയെപ്പഴുത്താൽ ഞാനറിയുമായിരുന്നു
പിന്നെയാണ് നാം
അതിരുകളിലെ ജീവികളായത്
അതിർത്തിയിലെ രക്ഷാസന്നാഹം പോലെ
നിന്റെ വീട്ടിൽ കടിച്ചുകീറുന്ന നായ്ക്കൾ
ചുംബനമേൽക്കാതെ
കന്യകയായിപ്പോകുന്ന റോസാപ്പൂക്കൾ
എന്റെ ഹൃദയം തുടിക്കുന്നതും
ഇഷ്ടമായ് ചെടികൾ പൂക്കുന്നതും
ഇന്ന് ആരുമറിയുന്നില്ല
ആരോ പറയുന്നു
അതിർത്തികൾ ഭേദിക്കരുത്
ഓരോ വീടും ഓരോ രാഷ്ട്രമാണ്
ഒരു തീക്കനലിന്നും ഒരു കവിൾ
പനിക്കഷായത്തിനുമായി
നമ്മൾ കണ്ട കാലമോർക്കുന്നു
ചായം ചാലിച്ച സന്ധ്യയിൽ
ചിതറിയ പൂക്കൾക്കിടയിലൂടെ
കാലം വിദൂരതയിലമരുന്ന കാഴ്ച
ഇഷ്ടമായിരുന്നെന്നോ കൂട്ടുകാരീ
നാം പിരിയുന്ന വർഷം
നാട്ടുമാവ് പൂത്തിരുന്നില്ല
ആ ചെമ്പകം കരിഞ്ഞു പോയിരുന്നു
ഇന്ന് മതിലുകൾക്കുള്ളിൽ കാലം
നമുക്കു മാത്രമായ്
വസന്തമൊരുക്കുന്നു
അതെ,ഓരോ വീടും ഓരോ രാഷ്ട്രമാണ്


എഴുതിയത് -ജയരാജ് മറവൂർ


up
1
dowm

രചിച്ചത്:
തീയതി:22-05-2021 12:53:28 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :