മനുഷ്യൻ ഒളിവിലാണ് - മലയാളകവിതകള്‍

മനുഷ്യൻ ഒളിവിലാണ് 



ഇനിയെനിക്കെഴുതുവാനാകുമോ
കൈകളിൽതീപിടിക്കുന്നതു പോലെ
ഇനിയുമീ ചിന്തകൾ ജാഗരം കൊള്ളുമോ
കനിവുകളില്ലാത്തൊരവസാന
ഗീതമെഴുതുന്നു ഞാൻ
ശവക്കല്ലറകളാണെനിക്കു ചുറ്റും
ഇവിടെയെന്താണെന്നോ
തീപിടിച്ചു മരിച്ച
കുഞ്ഞുങ്ങളന്തിപാർക്കുകയാണറിയാതെ
ഇവിടെയീ സ്മരണാശിലകളിലിരുന്ന്
നെഞ്ചുപിളർന്നു പാടുന്നു ഞാൻ
അച്ഛനെപ്പോലെ കരുതിയവർ
സഹോദരനെപ്പോലെ കരുതിയവർ
അവരിങ്ങനെയാകുമെന്ന് കരുതുന്നതെങ്ങനെ
അവരിങ്ങനെ കൊല്ലുമെന്ന്
കരുതുന്നതെങ്ങനെ
തീപിടിച്ച് വെന്തുവെന്തങ്ങനെണെന്റെ
മകൾ മരണതീരം തേടിപ്പറന്നത്
മനുഷ്യനെക്കൊല്ലുന്ന തീയാണെവിടെയും
മനുഷ്യത്വമില്ലാത്തവർ
പച്ചജീവനു തീ കൊളുത്തുന്നു
എനിക്കു മീതേയും തീ പടരുന്നതറിയുന്നു
എവിടെയാണെന്റെ മനുഷ്യൻ
മതമില്ലാതെ മാനവികത മാത്രം
ജീവന്റെ ജീവനായവർ
അറിവീലെവിടെയോ മനുഷ്യൻ ഒളിവിലാണ്
എവിടെയാണെന്റെ മകൾ
തീ കൊളുത്തി കൊന്നതാണവളെ
അച്ഛനൊറ്റയ്ക്കു വിലപിക്കുന്നു
എവിടെയും തീയാണ് തീയാണ്
എന്റെ പെൺമക്കളെത്തേടി
തീക്കഴുകന്മാർ പറന്നിറങ്ങുന്നു
നിശ്ചലം ഓർമ്മകൾ പറയുന്നു
നിർമ്മലശോഭയുമായെന്നടുത്തു വരും
പ്രീയമെന്റെ മകളെവിടെ
അവൾ സമ്മാനമായെനിക്കു നൽകിയ
പ്രീയമാം വിഷുവെവിടെ
തിരുവോണമെവിടെ
ആതിരപ്പുലർകാലമെവിടെ
പ്രാണന്റെ പ്രാണനാം
ജന്മദിനസമ്മാനങ്ങളെവിടെ
അവളുടെ കുഞ്ഞുകൺമഷി
തരിവളപ്പൊട്ടുകൾ,
കല്ലുമണിമാലകൾ, പാദസരം
അവൾ വരച്ചിട്ട ചിത്രങ്ങൾ
സായന്തനം, പ്രീയമാം കടൽ
മഞ്ഞണിഞ്ഞ വീഥികൾ
അതുവഴി പായും കുതിരവണ്ടികൾ
തണുപ്പിലെപ്പൊഴോ ചൂടായ്
വന്ന ഹൃദ്യമാം പ്രണയകവിതകൾ
ഒറ്റപ്പെടുന്നേരമൊരു പ്രാവിന്റെ
സൗഹൃദം പോലും സുന്ദരമാക്കിയവൾ
ഒക്കെയുമെന്നരികിലുണ്ട്
എല്ലാം കണ്ണീർ വീണുനനയുമടയാളങ്ങൾ
എന്റെ മകളില്ലാതെ ,
ഓർമ്മകളില്ലാതെ
അവളുടെ ചിരിയില്ലാതെ
അവളെനിക്കു മധുരമായ്
നൽകിയോരവധിക്കാലങ്ങളില്ലാതെ
കടൽത്തീരത്തിന്നസ്തമയങ്ങളില്ലാതെ
ഇനിയെൻ ജന്മം മാത്രം ബാക്കിയായ്
എവിടെയാണെന്റെ ഭാരതം
അറിവീല ,ഇനിയുമെഴുതുവാൻ
കൊതിയുണ്ടെനിക്ക്
ഇനിയുമെനിക്കെഴുതുവാനാകുമോ
വിരലുകൾക്കു തീപിടിക്കുന്നു
എവിടെയാണെന്റെ മനുഷ്യർ
അറിവീല, മനുഷ്യർ ഒളിവിലാണ്

കവിത എഴുതിയത്-ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:23-05-2021 07:56:18 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :