മൗനം തേങ്ങുമ്പോള്‍  - മലയാളകവിതകള്‍

മൗനം തേങ്ങുമ്പോള്‍  


മൗനം പൂക്കുന്നു സരയുതന്‍ തീരങ്ങളില്‍
വിതുമ്പുന്നു മൗനം സരയുതന്‍ ഓളങ്ങളില്‍
മൗനം പിടയുന്നു സരയുതന്‍ ഗര്‍ഭ ഗര്‍ത്തങ്ങളില്‍
ഉഴലുന്നു മൗനം സരയുതന്‍ ജഡാനിബിഡ ചുഴികളില്‍

ചുരുളഴിയാത്ത പൊരുളിന്‍ ഇഴ പിരിയുന്നതും കാത്ത്
കാലങ്ങളായ് മൂക ധ്യാനമായ് ഈ സാകേതപുരിയില്‍
തപം ചെയ്തിരിപ്പു ഞാന്‍ ഏകയായ്‌
എന്റെ വിശുദ്ധിയില്‍ മലയജം അണിയുവാന്‍

എന്നെ പുല്‍കി പുണര്‍ന്നലിഞ്ഞതെന്തെന്‍ രഘുരാമന്‍
രാജ്യം മറന്നു മറഞ്ഞതെങ്ങെന്‍ ദേവാംശ സംഭവന്‍
നിന്നില്‍ ലയിക്കേണ്ടവളില്‍ നീ മൂക ജഡരമായി
സ്വയം ത്വജിച്ചതെന്തിനോ ?

നിന്‍ വിരല്‍ സ്പര്‍ശന രസമാത്രയില്‍
ശില വിട്ടകന്നൊരു ഗൗതമപത്നി പോല്‍
നിന്‍ മോക്ഷസ്പര്‍ശത്തിനായ്
തപം ചെയ്‌തിരുന്ന ,ഞാനറിയാതെ എന്‍
താരുണ്യ സ്നിഗ്ദ്ധമാം ഓളങ്ങളില്‍
നിന്റെ വ്യഥകള്‍ ഒളിപ്പിച്ചു ദേഹിയായ് മാറുമ്പോള്‍
നീ അറിയാതെ ഞാന്‍ പാപിയായ് തീര്‍ന്നുവോ
നിന്‍ പ്രാണന്‍ എടുത്ത ഹീനയായ് മാറിയോ ?

നിനക്ക് മുക്തി തന്‍ പുണ്യം തളിച്ച ഞാന്‍ എങ്ങിനെ പാപിയാകും
നിന്‍ പ്രാണന്റെ ഗന്ധം പേറും ഞാന്‍ എങ്ങിനെ അധമയാകും
കാലങ്ങളായ് നിന്‍ പ്രജകള്‍ തന്‍ പഴിയേറ്റു തപിക്കുമെന്‍
മൗന പുഷ്പ്പങ്ങള്‍ നീ കാണാതെ പോകയോ

ഇനി എന്റെ മോക്ഷത്തിനൊരു പുതു നീരുറവുമായ്
അണയുന്നതാരെന്നു അറിയാതൊഴുകുന്നു ഞാനിന്നും
ഉത്തരം കിട്ടാത്ത ചോദ്യ ശരങ്ങളെ തീവ്ര മൗനമാം
ഗാണ്ഡീവച്ചുഴികളില്‍ ഒളിപ്പിച്ച് *

സുരഭീകുമാര്‍


up
0
dowm

രചിച്ചത്:സുരഭീകുമാര്‍
തീയതി:13-12-2012 11:04:41 AM
Added by :surabhi.kumar
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :