കൊതുകു ജയിക്കും കൊതുകു ഭരിക്കും
എരിപിരി കൊണ്ട വേനൽക്കാലം
പല്ലുമിളിച്ചു നിന്നൊരു നേരം
കുതിച്ചു കിതച്ചു മണ്ടി നടന്നു
ആളുകൾ പലരും വെള്ളം തേടി !
വെള്ളം! വെള്ളം! മന്ത്രത്താലവർ
തളർന്നു കിടന്നു മയങ്ങും നേരം
ശറപറ പെയ്തു മണ്‍സൂണെത്തി !
ഇനി തുടങ്ങാമാഘോഷങ്ങൾ .!
പതിവിൻ പടിയുള്ളാചാരങ്ങൾ .!
മാരികൾ മാരികൾ മഹാമാരികൾ ...
വ്യാധികൾ വ്യാധികൾ മാറാവ്യാധികൾ ...
ഉലകിലെ മൊത്തം മാരികൾ താങ്ങി
കൈരളി നിന്നു വിറച്ചീടുന്നു !
എലിപ്പനി, കോഴി, തക്കാളിപ്പനി
ചിക്കൻ ഗുനിയ, ഡെങ്കിപ്പനിയും ...
ബാറിൻ മുന്നിലെ തിക്കിത്തിരക്കുകൾ
ഇപ്പോൾ ആതുരശാലക്ക് മുന്നിൽ !
കേട്ടു മടുത്തൊരു കോമഡി വീണ്ടും
കേട്ടു കോൾമയിർക്കൊണ്ടു അടിയൻ !
മാലിന്യമുക്ത കേരളമെന്നൊരു
കോമഡി കേട്ടു കരയാനാകുമോ ?
കുറ്റമൊട്ടും പറയരുതാരും
പാവം നമ്മുടെ അധികാരികളെ
ഗ്രൂപ്പ് വഴക്കും തമ്മിൽത്തല്ലും
മണിയറ രഹസ്യ വിഴുപ്പുമലക്കി
നേരം വേണ്ടേ നാട് ഭരിക്കാൻ !
അഖില ലോക കൊതുകു സംഗമം
കൊച്ചിയിൽ തന്നെ നടന്നീടട്ടെ !
ഇതര പട്ടണ കൊതുകുകളെല്ലാം
അതേറ്റു പാടി നടന്നീടട്ടെ !
കൊതുകു ജയിക്കും കൊതുകു ഭരിക്കും
ചോര കുടിച്ചു മദിച്ചു നടക്കും !
കോരനു കഞ്ഞി കുമ്പിളിൽ തന്നെ ...
Not connected : |