നയം        
    മാറ്റമില്ലാത്തതായ് മാറ്റമൊന്നല്ലാതെ
 മറ്റൊന്നുമില്ലാത്തൊരുലകിൽ  
 മാറ്റൊലിയായെന്റെ കാവ്യസരണിയെ
 മാറ്റിടാനാവില്ലെനിക്ക്
 കാറ്റുംകടലുംകിനാക്കളുമൊക്കെയെൻ 
 കാവ്യത്തിനുറവയായീടാം
 കാടുംകറുപ്പുംകലപ്പയുംകാലവും 
 കവിതയ്ക്കുവിതയായ്ഭവിക്കാം 
 കണ്ണീരിലുള്ളലവണംചിലപ്പോഴെൻ 
 കവിതയിലലിഞ്ഞുകണ്ടേക്കാം 
 പൊട്ടിച്ചിരിയുടെമുത്തുകൾകോർത്തൊരു
 പൊട്ടാത്തമാലതീർത്തേക്കാം
 നോവുന്നനേരിന്റെ മൂർച്ചയാൽനിങ്ങടെ 
 നെഞ്ചുകീറിമുറിച്ചേക്കാം
 നാണയത്തിന്റെ കിലുക്കത്തിലിളകാതെ
 നാടിന്റെനന്മകൊതിക്കെ 
 ഹൃദയപക്ഷത്തിന്റെവാശിയുംവീറുമെൻ
 കൃതിയിലന്തർലീനമാവാം 
 മോഹമൊന്നേയുള്ളൂ നിങ്ങളെൻകവിതയെ 
 സ്നേഹിക്കണമെന്നുമാത്രം 
 നാളെയും നിങ്ങളെൻവരികളെനെഞ്ചേറ്റി
 ലാളിക്കണമതുമാത്രം !   
      
       
            
      
  Not connected :    |