ഇരുളും വെളിച്ചവും  - തത്ത്വചിന്തകവിതകള്‍

ഇരുളും വെളിച്ചവും  

അസ്നിഗ്ദ്ധമാമൊരീ രാവിന്റെ കൈകളിൽ
സ്നിഗ്ദ്ധമാം ദ്യോതനം മാഞ്ഞീടവേ,
സംഭീതി പൂണ്ട വിഹംഗങ്ങളൊക്കെയും
സംഭ്രാന്തിയോടെയൊതുങ്ങി നിശ്ശബ്ദരായ്‌!

രാവിന്റെ നേർത്ത സ്വനങ്ങളെൻ ശ്രോതസ്സിൽ
പിന്നിട്ട വിരഹാർദ്ര കാലത്തിൻ തേങ്ങലായ്..
പാരിതിലെങ്ങും തമസ്സിന്റെ കോട്ടകൾ
ഇനി,നിശ്ചയം,നിഷ്ഫലം കർമ്മകാണ്ഡം !

പോയി മറഞ്ഞെല്ലാ ജ്ഞാനോദയങ്ങളും
അന്യമായ് ബൌദ്ധിക വൃക്ഷത്തണലുകൾ..
മേവുന്നു ചുറ്റിലും വൈചിത്ര്യ പൂർണ്ണമായ്
അഖിലചരാചര സ്പന്ദങ്ങളൊക്കെയും..

പെറ്റു വളർന്നോരീ മണ്ണിതിലന്യനായ്
തീർന്നിടും നേരമെൻ ഉണ്മ വെടിയുന്നു !
ഉണ്മയില്ലാത്തൊരു അസ്ഥിത്വം പേറിയീ
മന്നിതിലന്യനായ് മേവിടാമോ ?

മന്ത്രിച്ചിടുന്നാരോ കാതുകളിൽ പേർത്തും
സമയമായ് ഈ വീണാ നാദം നിലയ്ക്കുവാൻ ..
നിദ്ര തഴുകാത്തൊരീ രാത്രി ഞാനെന്റെ
തുച്ഛമാം ജീവിതഭാണ്ഡമഴിച്ചിടാം !

ആരോരും കാണാത്തൊരാ സ്വപ്നഭൂമിക
കനിവോടെയീയെന്നെ കാത്തു നിൽപ്പൂ..
ആരാമ ശാദ്വല തീര്‍ത്ഥസ്ഥലികളിൽ
അവിരാമമവിരാമം മേളിച്ചിടാം ..

മുട്ടിടുന്നാരോയെൻ പൂമുഖവാതിലിൽ !
അറിയാമതാരെന്നെനിക്ക് മാത്രം ..
ഝടിതിയില്‍ ചെന്നു ഞാൻ വാതിൽ തുറക്കവേ
നിഴൽരൂപം കേറിയകത്തു വേഗം !

ആരുനീയാരുനീയെന്നൊരു ചോദ്യത്തി-
നൊട്ടും പ്രസക്തിയില്ലെന്നാകിലും ,
ആരുനീയെന്നു ഞാൻ ചോദിച്ച മാത്രയിൽ
'നിഴലാണ് ഞാൻ നിന്റെയെന്നുത്തരം' !

'ഇക്കണ്ട കാലമതൊക്കെയും ഞാൻ നിന്റെ
നിഴലായി കൂടിയെൻ കൂട്ടുകാരാ ..
വയ്യെനിക്കേവം മടുത്തു ഞാനീയാത്ര
പഞ്ചാത്മകം വിട്ടു കൂടെ വരൂ ..

ഭൌതികഭാണ്ഡങ്ങളെല്ലാമഴിച്ചു ഞാൻ
ഇരുളീലിറങ്ങിയനുഗമിച്ചു ..
ഞങ്ങളനന്തനിശീഥിനിക്കപ്പുറം
നിത്യനിതാന്ത മയൂഖം പൂകി ..!

വാക്കർത്ഥങ്ങൾ
(ഇവിടെ ഉദ്ദേശ്യം)

അസ്നിഗ്ദ്ധ-സ്നേഹമില്ലാത്ത
ദ്യോതനം-പ്രകാശം
വിഹംഗങ്ങൾ-പക്ഷികൾ
ശ്രോതസ്സ്-ചെവി
(സ്രോതസ്സ് -ഉറവിടം)
പഞ്ചാത്മകം-ശരീരം


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:01-08-2013 12:37:08 AM
Added by :Abdul shukkoor.k.t
വീക്ഷണം:329
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :