| 
    
         
      
      ധനവാനും ദരിദ്രനും        ദിനമശ്വമെന്നപോൽ പാഞ്ഞങ്ങുപോകുന്നു 
ദിനധൈർഘ്യമപ്പോൾ കുറഞ്ഞങ്ങു പോകുന്നു
 ബാലനാം സൂര്യനുഷസ്സിൽ ചിരിക്കുന്നു
 സായമാം സന്ധ്യതൻ കണ്ണീരിൽ മറയുന്നു
 
 നീറുന്ന ചിന്തയിൽ നീളുന്നു ജീവിതം
 നീളുന്ന ദുഖത്തിൽ ആളുന്നു  ജീവിതം
 നിർന്നിമേഷങ്ങളായ് കാണുന്നു സ്വപ്‌നങ്ങൾ
 നാളെ നാം കാണുമോ സംശയം മാത്രവും
 
 എങ്കിലുമൊന്നോർത്തു ശാന്തി കിട്ടുന്നു ഹാ !
 മനതാരിലൊരുനാളിൽ  പുഷ്പങ്ങൾ പൂത്തിടും
 പൂവിരിയുന്നതോ ശാന്തിയിൽ മന്ത്രമായ്
 പൂന്തേനരുവിതൻ നിർഗള സ്പർശമായ്
 
 ദാരിദ്ര്യമെന്നതൊരുനാൾ കുറഞ്ഞൊരു
 ഹ്ലാദത്തിൻ സൂര്യനായുദിച്ചങ്ങുണർന്നീടും
 "പണമില്ലയെങ്കിൽ നാം പിണമാകു"മെന്നുള്ള
 പഴമോഴിയോർക്കുന്ന വേളയിലൊന്നോർത്തു
 
 ഉല്ലാസനൗകയിലുല്ലസിച്ചൊരു ധനിക-
 നുറങ്ങാൻ കഴിയാത്ത നിശകളനവധി
 അവനൊന്നിറങ്ങി നഗരി കറങ്ങവേ
 ഒരുകാഴ്ച്ച കണ്ടു നിശ്ചലസ്തബ്ധനായി
 
 കടത്തിണ്ണയിൽ ചാക്കു വിരിച്ചങ്ങുറങ്ങുന്ന
 ദരിദ്രനും പിന്നൊരു ചാവാലിപ്പട്ടിയും
 അഗാധമായ് നിദ്രതൻമടിയിൽ കിടന്നതാ
 അനിർവചനീയ സുഖമാം സുഷുപ്തിയിൽ
 
 ഒരുനിമിഷമൊരുമിന്നലായിക്കടന്നുപോയ്
 ധനികന്റെയുള്ളിലൊരായിരം ചോദ്യമായ്
 
 "എല്ലാം തികഞ്ഞെന്നഹുങ്കായിരുന്നെന്നിൽ
 ഇന്നതു സത്യമല്ലെന്നു പഠിച്ചു ഞാൻ
 ഒരുനിമിഷമൊന്നങ്ങുഹൃദയത്തിൽ മൂളിഞാൻ
 എന്നെക്കാൾ ധനവാനവൻതന്നെ നിശ്ചയം"
 
 ധനവാൻ ദരിദ്രനായ്മാറും നിമിഷങ്ങ -
 ളോർക്കുമ്പോളാരും  പ്രശാന്തിയിലെത്തീടും
 
 
 
 
 
 
 
 
 
 
 
      
  Not connected :  |