ബാപ്പുജിയോടു മാത്രം ചില വാക്കുകൾ - മലയാളകവിതകള്‍

ബാപ്പുജിയോടു മാത്രം ചില വാക്കുകൾ 

ബാപ്പുജീ ,
ഓർക്കണമായിരുന്നു ...
സ്ഥല കാല ബോധങ്ങളോ
ധൈഷണികത്തുടിപ്പുകളോ
ബോധി വൃക്ഷത്തിന്റെ
ബൌദ്ധിക വിത്തുകളോ
കനിവിന്റെ മയിൽ‌പ്പീലിത്തുണ്ടുകളോ
കനവിന്റെ നീല നിർമ്മല വിഹായസ്സോ
ഉദ്ഭാവനത്തിന്റെ നറും നിലാവോ
സഹിഷ്ണുതയുടെ തെളിർ നീരരുവികളോ
സഹനത്തിന്റെ അമ്മ മനസ്സോ
ശാന്തിയുടെ താരാട്ട് പാടുന്ന
കുളിർപ്പൂഞ്ചോലകളോ
പ്രസാരണം ചെയ്യപ്പെടാതെ
പ്രകാരാന്തരീകരണം സംഭവിച്ച
ഭീതിത ശൂന്യതയുടെ വേതാള നൃത്തം
അരങ്ങു തകർക്കുന്ന
ശുഷ്ക്കിച്ച തലച്ചോറുകളെ
കുടുംബ ഭാരം എൽപ്പിച്ചു
അങ്ങ് മടങ്ങരുതായിരുന്നു ..!
മാവേലിയെപ്പോലെ,
വർഷത്തിലൊരിക്കൽ
അങ്ങ് വരണമായിരുന്നു ...
സംഭ്രമവിഭ്രാന്തികളുടെ നിലയ്ക്കാത്ത
ചോരപ്പുഴയിൽ നീന്തിത്തുടിച്ചു
ഉന്മൂലന സിദ്ധാന്തം രചിച്ച ഞങ്ങളെ കാണാൻ ...
അങ്ങ് വരണമായിരുന്നു...
അങ്ങ് വിഭാവനം ചെയ്ത
ഭാരതത്തിന്റെ അത്മായ ഗ്രാമങ്ങൾ
പ്രഹേളികയുടെ തമോഗർത്തങ്ങളിൽ
പ്രാണനു വേണ്ടി പിടയുന്നത് കാണാൻ ...
അങ്ങ് വരണമായിരുന്നു ...
അറ്റ്ലാന്റിക് തീരത്തിലൂടെ
നഗ്നനായ് ചൂണ്ടയിട്ടു നടക്കുന്നവന്റെ
അടുത്തു പണയം വെച്ച
പിൻഗാമികളുടെ തലച്ചോറ് വീണ്ടെടുക്കാൻ ...
അങ്ങ് വരണമായിരുന്നു...
ജഡരാഗ്നിയാളി കത്തി ചത്തൊടുങ്ങിയവന്റെ
ചീഞ്ഞളിഞ്ഞ മാംസം കൊത്തി തിന്നുന്ന
ശവംത്തീനികളെ കാണാൻ ...
അങ്ങ് വരണമായിരുന്നു ...
അമ്മയുടെ അടിവസ്ത്രം പോലും
ഊരി വിറ്റു മതിയാകാതെ
താളഭംഗം വന്ന ഹൃദയം കൂടി
പിഴുതെടുക്കാൻ ഒരുമ്പെടുന്ന
അന്ധരായ മക്കളെ കാണാൻ ...
അങ്ങ് വന്നാലും,
ഇവരെ ഒരിക്കലും കാണാതെ പോകട്ടെ ...
പെങ്ങളുടെ മടിക്കുത്തഴിച്ചവനെ ...
മകളിൽ ജീവന്റെ വിത്ത് പാകിയവനെ ...
സഹജന്റെ ജീവൻ
അവനറിയാതെ അറുത്തു മാറ്റിയവനെ...
ബാപ്പുജീ,
അങ്ങ് വരാതിരിക്കുന്നതാണ് നല്ലത് ...
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ
പൊട്ടിച്ചെറിഞ്ഞു, സ്വാതന്ത്ര്യ പീയൂഷം
വരണ്ട തൊണ്ടകളിലേക്ക് നൽകിയപ്പോൾ
അങ്ങേക്കൊരു സ്വപ്നമുണ്ടായിരുന്നു ...
വേണ്ട ബാപ്പുജീ, അങ്ങ് വരേണ്ട !
ഒരിക്കലും ...


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:13-08-2013 06:38:42 PM
Added by :Abdul shukkoor.k.t
വീക്ഷണം:293
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :