എന്റെ ഗ്രാമം - തത്ത്വചിന്തകവിതകള്‍

എന്റെ ഗ്രാമം 


എന്റെ ഗ്രാമം
=========
ഒ൪മകള്‍ പുഴയായതൊഴുകട്ടെയീ
ക്ക൪മ്മകാണ്ഡത്തിനൊപ്പമനുസ്യൂതമായ്

പുഴയേകദിക്കിലേയ്ക്കൊഴുകുമ്പോളോ൪മ്മകള്‍
നാലല്ലനാനാദിശയിലേയ്ക്കൊഴുകുന്നു

എവിടേയ്ക്കുഞാനെന്റെയോ൪മ്മത൯കുതിരയെ
മേയാ൯കടിഞ്ഞാണഴിച്ചുവിട്ടാകിലും

അതുവേഗമെത്തിടുമോടിക്കിതച്ചങ്ങു
ദൂരെയാമാമലച്ചെരുവിലെ൯ഗ്രാമത്തില്‍

പച്ചപ്പുതപ്പിന്നടിയിലുറങ്ങുമാ
സഹ്യന്റെമാറിലെകൊച്ചുഗ്രാമം

ഏലവും കാപ്പിയും പിന്നെക്കറുത്തൊരാ
മുത്തും വിളയുന്ന കൊച്ചുഗ്രാമം

എത്രകണ്ടാലുംമതിയാത്തസുന്ദര
സ്വപ്നംപോല്‍ നി൪മ്മലമെന്റെ ഗ്രാമം

കോടമഞ്ഞി൯ചേലവാരിപ്പുതച്ചിട്ടു
സുപ്രഭാതം ചൊല്ലുമെന്റെ ഗ്രാമം

വെള്ളിക്കൊലുസിട്ട മാമലച്ചെരുവിലായ്
കാലികള്‍ മേയുന്ന കൊച്ചു ഗ്രാമം

ഗ്രാമത്തി൯മാറിലൂടകലേയ്ക്കുനീളുന്നോ
രൊറ്റയടിപ്പാത കാണ്‍മതില്ലെ

അതുചെന്നുനില്‍ക്കുമാ പാഠശാലാങ്കണ
മെന്നുമെന്നോ൪മ്മത൯ സ്വ൪ഗ്ഗഭൂമി

കൌമാരസുന്ദര സ്വപ്നങ്ങള്‍ നെയ്തൊരാ
പുണ്യസുഭഗമാം പൂങ്കാവനം

അഭിവന്ദ്യരാം ഗുരുഭൂത൪ത൯പാദത്തി-
ല൪പ്പിച്ചിടട്ടെയെന്നശ്രുപൂജ

കളകളംപാടിക്കൊണ്ടൊഴുകുമാപ്പൂഞ്ചോല-
യെന്നോടുമന്ത്രിച്ചതേതുരാഗം

ദൂരെയങ്ങാകാശവീഥിയില്‍ പാറി-
പ്പറക്കുന്നപക്ഷികള്‍ പോവതെങ്ങോ

ദേവാലയങ്ങള്‍ മുഴക്കുംമണിനാദ-
നിർഝരിയില്‍ഭക്തിസാന്ദ്രമാകും


പൊന്നുഷ:സന്ധ്യകളാരതിചെയ്യുന്ന
നിത്യവിശുദ്ധമാംപുണ്യഭൂമി

അവിടെയാണെന്റെയാത്മാവിന്‍ വേരുകള്‍
അവിടെയെ൯ജീവന്റെവ൪ണ്ണത്തുടിപ്പുകള്‍ .


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:26-09-2013 09:48:36 AM
Added by :Mini Mohanan
വീക്ഷണം:744
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :