യമുനേ,ആരാണ് നിന്നെ അശുദ്ധയാക്കിയത്?
യമുനേ...
യമുനോത്രിയുടെ മാനസപുത്രീ...
കളിക്കൂട്ടുകാരികളായ
ഋശിഗംഗ,ഹനുമാൻഗംഗ,ഉമ
എന്നിവരോടൊത്തു ആനന്തനൃത്തം ചവിട്ടി,
വൃന്ദാവനത്തിലെ പ്രണയനിലാവുകളിലൂടെ
ഒഴുകുന്ന ഓടക്കുഴലിന്റെ
നാദമാധുരിക്കു സാക്ഷിയായി,
താജ്മഹലിന്റെ പ്രണയാതുര-
മനസ്സിനെ നെഞ്ചിലേറ്റി,
ഭക്തിയുടെ മഥുരാ തിലകം ചാർത്തി,
ഹരിതാഭമാർന്ന പൂഞ്ചേലയണിഞ്ഞു,
ഭക്തിസാന്ദ്രമായി, നിഷ്കളങ്കമനസ്സുകളിലൂടെ
ഒഴുകുകയായിരുന്നു നീ
യമുനേ...
മക്കളെ മാറോടുചേർത്തു,
സാന്ത്വനത്തിന്റെ കുളിർത്തെന്നലായി,
സഹനത്തിന്റെ അമ്മമനസ്സുമായി,
നന്മയുടെ നനുത്ത തൂവൽസ്പർഷമായി,
അഭയാർത്ഥികളുടെ ആത്മാവുകളിലേക്ക്
ഒഴുകുകയായിരുന്നു നീ
യമുനേ ...
ഞങ്ങൾ മക്കളായ ടോണ്‍സ്,ബെത്വ
എന്നിവരെ മാറോടടക്കിപ്പിടിക്കുമ്പോൾ,
ഞങ്ങളുടെ സംസ്കൃതികൾ
നിന്റേതുമാണെന്ന് ആണയിടുമ്പോൾ,
നിനക്കൊരു സ്വപനമുണ്ടായിരുന്നു;
ത്രിവേണിസംഗമത്തിൽ
നിന്നെ നീയാക്കുന്ന
നിന്റെ ഭാഗധേയം നിർവ്വഹിക്കൽ !
പിന്നെ,സംസ്കൃതികളുടെ പറുദീസയായ
അനന്തസാഗരത്തിൽ ലയിക്കൽ...
യമുനേ...
കറുത്തുതുടുത്തു ഭീതിദമായി,
പകയുടെ ഘോരാഗ്നി അടിത്തട്ടിലൊളിപ്പിച്ചു,
പുറമേക്ക് ശാന്തമായി,
കൊടുങ്കാറ്റിൻ മുമ്പുള്ള ശാന്തതപോലെ
ഈ ഒഴുക്ക് എങ്ങോട്ടാണ് ?
യമുനേ ...
ആരാണ് നിന്നെ അശുദ്ധയാക്കിയത് ?
ഹിംസയുടെ കരാള കാടൻമനസ്സുമായി വന്ന
ചമ്പൽ നദിയാണോ?
ഇന്ദ്രപ്രസ്ഥത്തിൽ നിന്നും എറിയപ്പെടുന്ന
കുടിലമനസ്സിന്റെ വിസർജ്ജ്യങ്ങളാണോ?
അതോ,അഭിനവ കാളീയമർദ്ദനത്തിന്റെ
വിഷലിപ്തമായ നീല ജലാശയമാണോ ഇത് ?
യമുനേ...
നിന്നെ നീയാക്കിയ
ഞങ്ങളുടെ അസ്തിത്വം നിഷേധിക്കുമ്പോൾ,
നിത്യനിതാന്ത ശൂന്യതയുടെ
മരുഭൂമിയിലേക്കാണ് നിന്റെ യാത്ര !
യമുനേ ...
നന്മയുടെ സരസ്വതീനദി
വിസ്മൃതിയിലേക്കൊഴുകിയപോലെ,
ഞങ്ങളും
അനന്തവിസ്മൃതിയിലേക്കൊഴുകുമ്പോൾ,
സായന്തനത്തിൽ നിന്റെ
ഓർമ്മകൾക്ക് തുടിപ്പേകാൻ
കുറെ അശാന്ത ആത്മാക്കളുടെ
വിലാപം കൂട്ടിനുണ്ടാകും...!
Not connected : |