കടല്‍ പറഞ്ഞ കഥ
കാറ്റു പറഞ്ഞത് കേട്ടില്ല !
കടല് കരഞ്ഞതറിഞ്ഞില്ല !
കരിമേഘക്കീറകലെ നിരന്നതും
ഇരുള് പരന്നതും കണ്ടില്ല !
ഇനിയുമുണ്ടേറെ തുഴഞ്ഞു പോകാന്‍
കളിവഞ്ചി കാറ്റിലുലഞ്ഞു കേണു
കരയിലീ തോണി കാത്തെത്ര ജന്മം
കരയുവാന്‍ കണ്ണീരു വറ്റി നില്‍ക്കെ
കാറ്റു പറഞ്ഞത് കേട്ടില്ല
കടല് കരഞ്ഞതറിഞ്ഞില്ല
കരിമേഘക്കീറകലെ നിരന്നതും
ഇരുള് പരന്നതും കണ്ടില്ല
നിലയറ്റ നീലക്കടല്‍ത്തിര മേല്‍
വലയെറിഞ്ഞുലയുന്ന വഞ്ചി തന്നില്‍
കനവുകള്‍ ചുണ്ടിലെരിച്ചടക്കി
കരയിലെ കണ്ണുകള്‍ തെളിച്ചു വയ്ക്കാന്‍
തിരയിലെന്‍ കണ്ണുനീരുപ്പു ചേര്‍ത്തു
തുഴകളെറിഞ്ഞു ഞാന്‍ കാത്തിരുന്നു ..
കലിയോടെ മാനമിരുണ്ടു വീണ്ടും
തിരകള്‍ മദം പൊട്ടിയാര്‍ത്തലച്ചു
വലയെന്റെ കൈയില്‍ നിന്നൂര്‍ന്നു വീണു
ചെറുതോണി മെല്ലെ മറിഞ്ഞു താണു..
കരയുവാന്‍ കണ്ണുനീര്‍ വേണ്ടിനി മേല്‍
കരയും മുഖങ്ങളും കാണ വേണ്ട
കരയിലെ ചെറ്റക്കുടിലിനുള്ളില്‍
എരിയുന്നൊരെണ്ണ വിളക്കു മുന്നില്‍
ഇനിയും വിശപ്പുകളെരിഞ്ഞുറങ്ങും
അതിനുമീ കടലമ്മ കാവല്‍ നില്‍ക്കും
Not connected : |