വിളിക്കാത്ത അതിഥി
ഭയമില്ലതെല്ലുമെനിക്കു നിന്നെ
പറയാതെ വന്നൊരതിഥി കണക്കെ നീ
യെന്നകതാരിലെരിഞ്ഞ കിനാക്കളെല്ലാം
ഒരു പാശമെറിഞ്ഞു കെടുത്തിടുമ്പോൾ
അറിയുന്നുവോ, നീയെനിക്കു പ്രിയരായവർ
അരികത്തിരുന്നു പൊഴിച്ചൊരീ കണ്ണുനീർ
ഉടൽ മാത്രമുരിഞ്ഞു കൊടുത്തവർക്കിന്നു നീ
ഉയിരുമായ് പോയതറിയാതെയീ ഞാനും
ഒടുവിൽ നിൻ മുഖമൊന്നു കാണുവാൻ, കാമിനീ
ഒരുവേള മെല്ലെ തുറന്നൊരെൻ മിഴികളെ
ആരോവിരൽചേർത്തടച്ചതുമറിയാതെ
പോയ്‌വരാമെന്ന പതിവുകളുമില്ലാതെ
അകലെയിരുന്നു ഞാനറിയുന്നു നിൻ ചുടു
ചോരയാ കണ്കളിലിറ്റിറ്റു വീണതും
ഉയരില്ല കണ്ണീർ തുടക്കുവാനെൻ കൈകളി
നിമേൽ നിനക്കു നീ തന്നെയാണാശ്രയം
ബന്ധമൊരുതീച്ചരടുപോലെയെന്നാത്മാവു
ബന്ധിച്ചിടുന്നു, വലിച്ചിടുന്നു സദാ
പൊങ്ങി പറക്കുന്ന പട്ടം കണക്കെന്നെ
മണ്ണിൽ നീ ബന്ധിച്ചു നിർത്തുന്നതിപ്പോഴും
നിനക്കായ് ഞാനൂരിയെറിഞ്ഞു തന്നൊരെൻ
ഉടലുടുപ്പുമെടുത്തു കത്തിച്ചവർ
ഒരുപിടി ചാരമായ് നിൻ ചാരേ കിടക്കവേ
വിരഹമീ ചിതയിലൊരു കനലായെരിഞ്ഞിടും.
ഇനി നീ മറക്കുക,
കാലത്തിൻ മറവി പടരട്ടെ നിന്നിലും
ഓർമ്മകൾ തൻ പട്ടച്ചരടു പൊട്ടിച്ചു
പറക്കട്ടെ ഞാൻ.
വിടരണം, പുത്തനുഷസ്സു നിന്നിലും
വിരിയുക, നീയൊരു പുഷ്പമായ്, സുഗന്ധമായ്.
Not connected : |