മരം ഒരു വരം
പച്ചിലകൊണ്ടൊരു പച്ചത്തൊപ്പി
ധരിച്ചു നിരന്നതി മോദത്താല്‍
തലകള്‍ കുലുക്കി തംബുരു മീട്ടി
തണലു വിരിക്കും തരുവല്ലോ
ശിരസ്സില്‍ തീമഴയേറ്റിക്കൊണ്ടവര
വനിയിലെങ്ങും കുളിരേകും
മനസ്സില്‍ പൂമഴ പെയ്യിക്കും ,
കിളി നാദസ്വരമായ് മേളിക്കും
കാറ്റിലിളം കൈ വീശി ചാമര
വിശറികളാകും, സുഖമേകും
ചാറ്റല്‍ മഴക്കൊരു കുടപോലങ്ങിനെ
നീണ്ടു നിവര്‍ന്നു വിടര്‍ന്നീടും
അക്കര പച്ചകള്‍ കണ്ടു കൊതിക്കാ
തെന്നും പച്ച വിരിച്ചീടും
കണ്ണുകള്‍ കൂമ്പി വിതുമ്പിക്കരയും,
ഇലകള്‍ പൊഴിക്കും ശൈത്യത്തില്‍
കടവാവലുകള്‍ തൂങ്ങി മയങ്ങും,
കയറുകള്‍ തൂങ്ങും ശിഖരങ്ങള്‍
ഉടലഴകിന്‍ കോലളവുകള്‍ എണ്ണി
കനവുകള്‍ നെയ്യും കുരുടന്മാര്‍
കൈകളരിഞ്ഞു കഴുത്തു മുറിച്ചവ
രട്ടഹസിക്കും കഴുകന്മാര്‍
മഴമേഘം വന്നോടി മറഞ്ഞു,
പച്ചക്കാടുകള്‍ കാണാതെ
കളനാദങ്ങളകന്നേ പോയി ,
ചിറകടിയൊച്ച മറന്നേ പോയ്
മണ്ണിന്‍ നിശ്വാസങ്ങളുയര്‍ത്തീ,
വിണ്ടു പുകഞ്ഞൊരു മരുഭൂമി
നട്ടു നനച്ചു വളര്‍ത്തുക നമ്മള്‍ ,
നന്മ നിറഞ്ഞൊരു മലയാളം
മരവും മഴയും മരതകമാക്കും,
മലരു വിരിക്കും മലയാളം
Not connected : |