എന്റെ നാട്
വിത്തു കാത്തു മടുത്ത നെൽപ്പാടവും,
കതിരുതേടിത്തളർന്ന പൂന്തത്തയും
കൊറ്റിയൊരു കാലുയർത്തിത്തപം ചെയ്ത
ഞാറ്റു പാട്ടുകളുറങ്ങും വരമ്പുകൾ
തുമ്പപൂത്തു വെറുതേ കൊഴിഞ്ഞു പോയ്
ചേമ്പിലക്കുമ്പിൾ കുത്തുകളഴിഞ്ഞു പോയ്
തുമ്പിതുള്ളൽപ്പാട്ടുമമ്പേമറന്നു പോയ്, ഓണ
ത്തുമ്പിപൂത്ത വെയിലും തണുത്തു പോയ്
ചെമ്പരത്തി തൻ ചോപ്പു കുറഞ്ഞു പോയ്
ചെമ്പകത്തിൻ സുഗന്ധം കൊഴിഞ്ഞു പോയ്
മാമ്പഴത്തിൻ മധുരം മറന്നു പോയ്
കൊമ്പു കുഴൽ മേളമെങ്ങുമകന്നു പോയ്
എന്റെ കൂട്ടുകാരൊക്കെ പലേ വഴി
നന്മ തേടി തിരഞ്ഞു പോയെവിടെയോ
കണ്ടു മുട്ടിയതെത്ര നാൾ കഴിഞ്ഞത്ര
കണ്ടതില്ല ഞാനാ കണ്ണിലും കിനാവുകൾ
യന്ത്രമാണു നാമിന്നു നശിപ്പിനായ്
തന്ത്രമെത്ര മെനഞ്ഞു കൂട്ടുന്നവർ
ചന്ദ്രലോകത്തു ചേക്കേറുവാൻ സ്വയം
മണ്ണിൽ വീണു മലക്കം മറിഞ്ഞവർ
Not connected : |