മുത്തശ്ശി - മലയാളകവിതകള്‍

മുത്തശ്ശി 

ഭസ്മം മണക്കുന്നുവോ !
കണ്ണുകളടച്ചോരെൻ നെറ്റിത്തടത്തിൽ
കത്തുന്ന തിരിനാളം,
കാതുകളിൽ നാമജപമന്ത്രണം
കാറ്റിലലിഞ്ഞൊരു തുളസിക്കതിർ മണം
എന്റെ മുടിയിഴകളിൽ, നെറുകയിൽ
പരതുന്ന വിരലുകൾ,
തുപ്പൽക്കറ കോറിയിട്ട ചുവന്ന ചിത്രങ്ങൾ
ഭസ്മം മണക്കുന്നുവോ !

കോടിമുണ്ടിൻ മണം മാറാതടുക്കിയ
മൂടിപൊട്ടിയോരാമരപ്പെട്ടികൾ
കരകരായെന്നു കരഞ്ഞിടാറുള്ളൊരാ
കയർ വലിച്ചിഴ ചേർത്ത കട്ടിലും
കഥകൾ കേട്ടു കേട്ടു മയങ്ങിയ
കനവുകുത്തി നിറച്ചൊരാ രാത്രികൾ
പുകയിലമണം പേറും കറുത്ത കമ്പളം
മെലിഞ്ഞ കൈ ചേർത്തു വരിഞ്ഞ,
സ്നേഹാമൃതുവറ്റാത്ത മാറിടം
ഭസ്മം മണക്കുന്നുവോ !

ഭിത്തിയിൽ മണമറ്റ പൂമാല ചാർത്തിയ
ചിത്രമായിപ്പൊഴും ചിരി തൂകി നില്ക്കവേ
ഭസ്മം മണക്കുന്നുവോ !


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:02-10-2013 04:35:37 PM
Added by :Deepak G Nair
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :