ബലിക്കാക്ക  - മലയാളകവിതകള്‍

ബലിക്കാക്ക  

നാളെ വരുമച്ഛനെന്നമ്മ പറഞ്ഞു ഞാൻ
ചാരെയിരുന്നൂണുരുട്ടിക്കൊടുക്കണം.
ഇത്രയുംനാൾകൂടിയെത്തുന്നതാണച്ചനെ
ത്രയുംനല്ലോരുടുപ്പിട്ടു നില്ക്കണം
ഒട്ടിയെൻ കവിളും പടർന്നൊരൽപ്പംകറു-
പ്പൊറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞീടുമോ?
ഓടിയടുത്തൊരാ നെഞ്ചോടു ചേർന്നുനി
ന്നാദ്യമേ ചോദിക്കുമിച്ചോദ്യമിങ്ങനെ
എവിടെയാണച്ചനന്നോടിമറഞ്ഞതുമു
മ്മ തരാതെയുറക്കം നടിച്ചതും
രാത്രിയെന്നമ്മയോടൊട്ടി ക്കിടന്നുകൊ
ണ്ടോർത്തെടുത്തോരോ പഴങ്കഥയിങ്ങനെ
അമ്മ വിളിച്ചതു കേട്ടുകൊണ്ടാണുഞാ-
നന്നുപുലർച്ചെയുറക്കമുണർന്നതും
മുറ്റത്തു വച്ച വിളക്കും നിരത്തിയ
ദർഭയുമെള്ളുമാ, ച്ചന്ദനമുട്ടിയും
ഈറനുടുപ്പിച്ചിരുത്തിയാക്കിണ്ടിതൻ
വാലിലൂടെപ്പകർന്നഞ്ചുനീരെപ്പൊഴും
കുത്തരിച്ചോറതുരുട്ടിവച്ചു - പച്ച
വാഴയിലക്കീറതിൻതലയ്ക്കൽ.
അച്ഛനെന്തിനിയുമണഞ്ഞതില്ലാ, യിനി
ക്കൊച്ചുപിണക്കം മറന്നതില്ലെങ്കിലോ ...
തെക്കോട്ടുവച്ചുഞാനാപടച്ചോറുമെന്ന
ച്ഛനോടൊത്തിരുന്നൂണുകഴിക്കണം
കൊത്തിയെടുത്തുപറന്നുപോയാക്കാക
നച്ഛന്നുവച്ചൊരാനെന്മണിമുത്തുമായ്
ഏട്ടനാണപ്പോൾപ്പറഞ്ഞതെന്നുണ്ണിനിന്ന-
ച്ഛനാണീബലിക്കാക്കയായ് വന്നതും ....


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:02-10-2013 04:49:07 PM
Added by :Deepak G Nair
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :