ഗുരുവിനോട്
ഇരുള്‍ വീണു മൂടി കിടന്നോരാപ്പാത തന്‍
അരികിലൊരിക്കല്‍ ഞാന്‍ ഏകനായി
ഇലകളും പൂക്കളും നിറമുള്ള പുലരിയും
നിനവില്‍ നിറച്ചു തളര്‍ന്നിരിക്കെ
മിന്നിപ്പറക്കുന്ന പൊന്‍വെട്ടമായി നീ
മുന്നില്‍ പറന്നൂ , വഴി തെളിച്ചൂ..
പിന്നില്‍ ഞാന്‍ മെല്ലെ നടന്നു, നിന്‍ കാമ്പുള്ള
കഥകള്‍ക്ക് കാതോര്‍ത്തു കാതങ്ങളെത്രയോ !
കൈപിടിച്ചേറെക്കരുതലോടെന്നെ നീ,
കണ്ണില്‍ പ്രതീക്ഷ തന്‍ തിരി തെളിച്ചു
തളരുമ്പോള്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കി
നല്ല നിറമുള്ള ജീവിതം നീട്ടി നല്‍കി
ഗുരുവായ് മനസില്‍ ഞാന്‍ കുടിയിരുത്തി
കര്‍മ്മവഴികളില്‍ ഓര്‍മ്മകള്‍
ഉണര്‍ത്തി നിര്‍ത്തി
എങ്ങുമെന്‍ ജീവപ്രകാശമായ് മുന്നില്‍ നീ
എന്നുമീ വഴികളില്‍ തിരി തെളിച്ചീടണേ ..
Not connected : |