വെറുതെ ഒരു സ്വപ്നം
കണ്ണുകളടച്ചുഞാന്‍ തീര്‍ത്തൊരീ ഇരുളില്‍
കത്തി എരിയുമീ നിലവിളക്കിന്‍ തിരി
കത്തുന്ന തിരിയൊന്നു വിരലിനാല്‍ നീട്ടി
തെളിച്ചു തന്നാരോ ശ്രമിക്കുന്നു പിന്നെയും ,
- എന്റെ കണ്ണിനു വെളിച്ചമേകാന്‍ !!
മഹിഷത്തിന്‍ ചൂര് നിറഞ്ഞൊരാ മുറികളില്‍
ചന്ദനത്തിരിയാല്‍ നിറച്ചവര്‍, സുഗന്ധവും
കുളിരിനാല്‍ ഒന്നു ചുരുണ്ടുവോ? സ്നേഹത്താല്‍
ഒരു വെള്ളമുണ്ട് പുതപ്പിച്ചു തന്നവര്‍
കിറിയില്‍ കിനിഞ്ഞു നിലത്തേക്ക് വീണൊരാ
ചുവപ്പു മെല്ലെ തുടച്ചു മാറ്റുന്നവര്‍
പിന്നെയും പോരാഞ്ഞ്, ഒരു തുണിക്കീറിനാല്‍
താടയെന്‍ തലയോട് ചേര്‍ത്തു മുറുക്കവേ
ചോദിച്ചതില്ലാരും, നിനക്ക് നോവുന്നുവോ?
ഉള്ളില്‍ ചിരിച്ചു കിടന്നു ഞാന്‍
ആനന്ദക്കണ്ണുനീര്‍ തളം കെട്ടി നിന്നു ..
അടഞ്ഞോരാ മിഴികളില്‍, ആരുമറിയാതെ..
എത്രയാണെന്‍ സുഹൃത്തുക്കള്‍, ചുറ്റിലും
അത്രമേല്‍ സ്നേഹത്താല്‍ പരിചരിച്ചീടുന്നു
അല്‍പ നിമിഷങ്ങള്‍ക്കു മുന്നേ അണഞ്ഞവര്‍
ഇത്രയും നാളിലുമെത്താതിരുന്നവര്‍
ഒരു നോക്കതെങ്കിലും കാണുവാന്‍ കഴിയുമോ
കണ്‍പോളകള്‍ക്ക് മേല്‍ ഭാരമേറുന്ന പോല്‍ .
കാലുകള്‍ അനക്കുവാന്‍ ആവതില്ല, ചേര്‍ത്തു
കെട്ടി മുറുക്കി കളിക്കുന്നിതാ ചിലര്‍
ഒറ്റയാനായി കഴിഞ്ഞിത്ര കാലവും
മുറ്റത്തു പോലും അണഞ്ഞില്ലൊരുത്തരും
ഇന്ന് തളര്‍ന്നൊന്നുറങ്ങാന്‍ കിടന്നതും
വന്നിടുന്നാളുകള്‍, മുറപോലെ നാട്ടുകാര്‍
ബന്ധുക്കള്‍, ബന്ധം പിരിഞ്ഞവര്‍ , ഉറ്റവര്‍
സ്വന്തമാക്കാന്‍ നോമ്പു നോറ്റു മടുത്തവര്‍
ചന്തമില്ലാത്തവര്‍, വമ്പു പറഞ്ഞവര്‍
കല്ലു ചുമക്കുവോര്‍ , കള്ള് കുടിക്കുവോര്‍
കള്ളമില്ലാത്തവര്‍, കനവ് കരിഞ്ഞവര്‍
കള്ളം പഠിക്കുവാന്‍ വെള്ള തയ്പിച്ചവര്‍
കണ്ണീരൊഴുക്കി കരയുന്നു , കാല്ക്കലായ്
കണ്ണടച്ചിട്ടും കഴിയാത്ത നാടകം.
ആരോ, പിറുപിറുക്കുന്നു, പറയുന്നു
ആറടി മണ്ണിലേക്കാനയിച്ചീടുവാന്‍
ഉള്ളു തണുക്കുന്നു, തീ കായുവാന്‍ നല്ല
ചന്ദനവിറകുകള്‍ നിരത്തി വയ്ക്കുന്നവര്‍
നീണ്ടു നിവര്‍ന്നു കിടന്നിടാം, തീ കാഞ്ഞ്
തീരാത്ത നോവിതില്‍ തീ പടര്‍ത്താം
ഇനിയില്ല ഈ മണ്ണില്‍ ഞാനെന്ന നൊമ്പരം
ഇതുവരെ വട്ടം കറങ്ങിയ ജീവിത പമ്പരം
Not connected : |