മതിലുകള്‍  - പ്രണയകവിതകള്‍

മതിലുകള്‍  

കടല് കടന്നു ഞാന്‍ ഇക്കരെയാകിലും
കരളില്‍ നിന്‍ രൂപം നിറഞ്ഞു നില്‍ക്കും
കാണുവാന്‍ കണ്ണൊന്നടക്കവേ നിന്‍ പ്രിയ
കാമിതരൂപമെന്‍ മനസ്സില്‍ തെളിഞ്ഞിടും

നിന്‍ മുടിയിഴയിലെ കാച്ചെണ്ണ ഗന്ധമീ
കാറ്റിലലിഞ്ഞു വന്നെന്നെ തലോടവേ
കാത്തിരിക്കുന്നൊരീ ഏകാന്തലോകത്ത്
കൂട്ടിനായ് നിന്നോര്‍മ്മ മാത്രമല്ലേ സഖീ

വീടിന്നുമുന്നിലൂടൊഴുകുമാ പുഴയിലെ
കുളിരുള്ള ഓളപ്പരപ്പില്‍ നീ വിരലിനാല്‍
കുറിമാനമെഴുതി എനിക്കായ് അയച്ചതും,
കരിമേഘവണ്ടുകള്‍ പേറി വന്നാ കുറിപ്പൊരു വേനല്‍ മഴയായി, അതില്‍ ഞാന്‍ നനഞ്ഞതും
സുഖമുള്ള ഓര്‍മകളാണെനിക്കെങ്കിലും
മുഖമൊന്നു കാണുവാന്‍ കൊതിയാര്‍ന്നിരിപ്പു ഞാന്‍

കണ്ണുനീര്‍ വീണു പടര്‍ന്നൊരാ കത്തുകള്‍
കണ്ണു നിറഞ്ഞു ഞാന്‍ വീണ്ടും നിവര്‍ത്തിടാം
കുഞ്ഞുങ്ങള്‍ കുത്തി വരച്ചോരാ ചിത്രത്തില്‍
കണ്ടു ഞാനെന്‍ രൂപം, അവര്‍ തന്‍ മനസ്സിലും

കടലും കടലാസും ചേര്‍ത്തു ചമച്ചോരീ
മതിലുകള്‍ക്കിരുവശം കാത്തിരിക്കാം
കനവുകള്‍ക്കെണ്ണ പകര്‍ന്നു തെളിച്ചിടാം
കാണുവാനായി നാം കാത്തിരിക്കാം

ദീപക് ജി നായര്‍


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:05-10-2013 06:52:11 PM
Added by :Deepak G Nair
വീക്ഷണം:268
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :